കാർട്ടിലേജ്-ബോൺ കോംപ്ലക്സ് മാറ്റിസ്ഥാപിച്ചു; അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് പുതിയ നേട്ടം

Mail This Article
കോട്ടയം∙ അപകടത്തിൽ കാൽ മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ കാർട്ടിലേജ് - ബോൺ കോംപ്ലക്സ് മറ്റൊരു യുവാവിന്റെ കാൽമുട്ടിലേക്ക് മാറ്റി സ്ഥാപിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയാണ് അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് പുതിയ നേട്ടം കുറിച്ചത്. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി.ബി.രാജീവിന്റെ നേതൃത്വത്തിലാണ് നൂതനമായ ഫ്രഷ് ഓസ്റ്റിയോ കോൺട്രൽ അല്ലോഗ്രാഫ്റ്റ് ട്രാൻസ്പ്ലാന്റേഷൻ (എഫ്ഒസിഎടി) എന്ന ശസ്ത്രക്രിയ നടത്തിയത്.
കായംകുളം സ്വദേശിയായ 23കാരനാണ് 7 മാസം മുൻപ് നടന്ന വാഹനാപകടത്തിൽ കാൽമുട്ടിനുള്ളിലെ കാർട്ടിലേജും അസ്ഥിയും നഷ്ടപ്പെട്ടത്. മുട്ടിലുണ്ടായ ഗുരുതര മുറിവിലൂടെ അഞ്ച് സെന്റിമീറ്റർ വലുപ്പത്തിൽ കാർട്ടിലേജും അസ്ഥിയും അടർന്ന് റോഡിൽ നഷ്ടപ്പെടുകയായിരുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ കാൽമുട്ടിലെ പ്രാഥമിക ശസ്ത്രക്രിയയ്ക്ക് ശേഷം ഇടുപ്പിലെ ഗുരുതരമായ അസിറ്റാബുലർ ഫ്രാക്ചറിന്റെ ചികിത്സയ്ക്കായി പാലായിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയില്‍ തുടയെല്ലിന്റെ താഴെയായി മുട്ടിനുള്ളിൽ ഭാരം താങ്ങുന്ന ഭാഗത്ത് അസ്ഥിയും തരുണാസ്ഥിയും നഷ്ടപ്പെട്ടതായി കണ്ടെത്തി.
മുട്ടിലെ അസ്ഥിയിലെ വലിയ വിടവ് മൂലം യുവാവിന് ഭാരം താങ്ങി നടക്കാൻ സാധിക്കാത്തതിനാൽ, കൃത്രിമ സന്ധി ഘടിപ്പിക്കുകയോ, അവയവമാറ്റത്തിലൂടെ അസ്ഥിയും തരുണാസ്ഥിയും മാറ്റി സ്ഥാപിക്കുകയും ചെയ്യുക മാത്രമായിരുന്നു മാർഗങ്ങൾ. ചെറുപ്പക്കാരിൽ കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ കണക്കിലെടുത്ത് അനുയോജ്യമായ അല്ലോഗ്രാഫ്റ്റിനായി അയൽ സംസ്ഥാനങ്ങളിലെ ടിഷ്യൂ ബാങ്കുകളിൽ അപേക്ഷ സമർപ്പിച്ചു. ഇതിനിടെ മംഗലാപുരത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ് മുട്ടിനു മുകളിൽ വച്ചു കാൽ മുറിച്ചുമാറ്റേണ്ടി വന്ന യുവാവിന്റെ ബന്ധുക്കൾ അസ്ഥി ദാനം ചെയ്യാൻ സമ്മതം അറിയിക്കുകയായിരുന്നു.
തുടർന്ന് മൈനസ് 80 ഡിഗ്രി താപനിലയിൽ പ്രത്യേകം ശീതീകരിച്ച പെട്ടിയിൽ ട്രെയിൻ മാർഗമാണ് അവയവം കോട്ടയത്ത് എത്തിച്ചത്. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കാർട്ടിലേജ് - ബോൺ കോംപ്ലക്സ് മാറ്റി സ്ഥാപിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് ആശുപത്രി വിട്ടു. ഏതാനും മാസങ്ങൾക്കകം യുവാവിന് കാലിൽ ഭാരം താങ്ങി സാധാരണ നിലയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.