കർഷകന്റെ കണ്ണീരിലാണ് സർക്കാരിന്റെ കഞ്ഞികുടി

Mail This Article
കുമരകം ∙ മഴയ്ക്കൊപ്പം പാടത്ത് വീഴുന്നത് നെൽക്കർഷകരുടെ കണ്ണീര്. കിഴിവിന്റെ പേരിൽ ഇരുട്ടടി നേരിട്ട കർഷരുടെ ദുരിതം ഇരട്ടിയാക്കുകയാണ് മഴ. പുഞ്ച സീസണിലെ പ്രതീക്ഷകളുടെ കതിരൊടിഞ്ഞു.വിളവും ഇത്തവണ മോശം. കൊയ്തുകൂട്ടിയ നെല്ലു സംഭരിക്കാനും വൈകുന്നു.നെല്ലു സംഭരിച്ചാൽ വില സപ്ലൈകോ നൽകാൻ പിന്നെയും ഒരു മാസത്തിലേറെ നീളും.
കൂടുതൽ കിഴിവിന് ശ്രമം
കാഞ്ഞിരം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരത്തിൽ 2 കിലോഗ്രാം കിഴിവ് കിട്ടിയ മിൽ ഉടമകൾ മറ്റു പാടങ്ങളിൽ ഇതിൽ കൂടുതൽ നേടാനുള്ള ശ്രമത്തിലാണ്. കൊയ്ത്ത് കഴിഞ്ഞു 4 ദിവസം പിന്നിട്ടിട്ടും മില്ലുകാർ പാടത്തേക്കു തിരിഞ്ഞുനോക്കുന്നില്ലെന്നു കർഷകർക്കു പരാതി. കുമരകം കിഴക്കേ പള്ളിക്കായൽ, തുമ്പേക്കായൽ പാടങ്ങളിലാണ് മില്ലുകാർ എത്താത്തത്.
സമീപത്തെ വിളക്കുമരക്കയാലിൽ കൊയ്ത്ത് ഇന്നലെ തുടങ്ങി. അടുത്ത ദിവസം പടിഞ്ഞാറെ പള്ളിക്കായലിലും കൊയ്ത്ത് തുടങ്ങും.നേരത്തെ കൊയ്ത്ത് തുടങ്ങുന്ന സമയം മുതൽ സംഭരണം തുടങ്ങുമായിരുന്നു. കിഴിവിന്റെ തൂക്കം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മില്ലുകാരുടെ പിന്മാറ്റമെന്നു കർഷകർ പറയുന്നു. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ അതിൽനിന്ന് മില്ലുകാരുടെ ഇഷ്ടപ്രകാരമുള്ള തൂക്കം കുറവ് ചെയ്യണമെന്നാണ് ആവശ്യം.
വിളവ് മോശമെന്ന് കർഷകർ
പുഞ്ചക്കൃഷിയുടെ വിളവ് ഇത്തവണ മേശമെന്നു കർഷകർ പറയുന്നു. ഏക്കറിനു 18 ക്വിന്റലാണു കിട്ടുന്നത്. 4 മാസത്തെ അധ്വാനവും കൃഷിച്ചെലവും എല്ലാം നോക്കുമ്പോൾ കൃഷിനഷ്ടത്തിന്റെ കണക്കിലാകും. പാട്ടത്തിനു കൃഷിയിറക്കുന്നവരുടെ നഷ്ടം വലുതായിരിക്കും. കാലാവസ്ഥാവ്യതിയാനമാണ് പ്രധാന പ്രശ്നം.വളം സമയത്തിനു കിട്ടാതെ വന്നതും കീടബാധയും കൃഷിയെ കാര്യമായി ബാധിച്ചതായി കർഷകർ പറഞ്ഞു.