ADVERTISEMENT

കോട്ടയം ∙ നെൽക്കർഷകരുടെ നിവൃത്തികേടിന്റെ നേർക്കാഴ്ചയായി പകലും രാത്രിയും നീണ്ടുനിന്ന 10 മണിക്കൂർ സമരം. ജില്ലാ പാഡി ഓഫിസിൽ ഇതിനു മുൻപും കർഷകർ സമരം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും നീളുന്നത് അപൂർവം.കർഷകന്റെ നടുവൊടിക്കുന്ന തരത്തിലുള്ള കിഴിവ് സംഭരണത്തിന് എത്തിയ മില്ലുകാർ ആവശ്യപ്പെട്ടതോടെയാണു മണിക്കൂറുകൾ നീണ്ട സമരത്തിലേക്കു കർഷകർ കടന്നത്. രാവിലെ 11നു നെൽക്കർഷക സമിതി ആരംഭിച്ച ഉപരോധ സമരത്തിനു പിന്തുണയുമായി ഉടൻ തന്നെ യുഡിഎഫ് ജില്ലാ നേതൃത്വവും എത്തുകയായിരുന്നു.

35 ദിവസം മുൻപു കൊയ്ത്ത് ആരംഭിച്ച തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരത്തിൽ നെല്ലെടുപ്പ് കിഴിവിന്റെ തർക്കം മൂലം നിർത്തിയതു കർഷകർ ചൂണ്ടിക്കാട്ടി. 220 ഏക്കർ പാടശേഖരത്തിൽ 2.5 കിലോ കിഴിവോടെയാണു നെല്ലു സംഭരിക്കാൻ തുടങ്ങിയത്.സംഭരണം പകുതിയായതോടെ മില്ലുകാർ നെല്ലെടുക്കുന്നത് ഉപേക്ഷിച്ചു. നെല്ലുസംഭരണം പുനരാരംഭിക്കാൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത് 22 കിലോ കിഴിവാണ്.

ഇത് അംഗീകരിക്കാനാകില്ലെന്നും നെല്ലുസംഭരണം നിർത്തി കർഷകരെ സമ്മർദത്തിലാക്കിയ മില്ലിനെതിരെ നടപടി വേണമെന്നും ആവശ്യം ഉയർന്നു.10നു കൊയ്ത്ത് ആരംഭിച്ച കുറിച്ചി മണ്ണംകര കുറിഞ്ഞിക്കാട് പാടശേഖരത്തിൽ 15 കിലോ കിഴിവ് ആവശ്യപ്പെട്ടതും സമരസമിതി ഉന്നയിച്ചു.ഉച്ചയോടെ പൊലീസുമായി നേരിയ സംഘർഷമുണ്ടായെങ്കിലും സമരം തുടർന്നു. വൈകിട്ട് ആറോടെ പാഡി ഓഫിസിലെ ജീവനക്കാരെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വാക്കേറ്റമായി.തുടർന്നു രാത്രി എട്ടോടെ കലക്ടറുടെ പ്രതിനിധിയായി എഡിഎം എസ്.ശ്രീജിത്ത് എത്തി.

എഡിഎമ്മിനെയും ഉപരോധിച്ചു സമരം തുടർന്നു. ചർച്ചകൾക്കൊടുവിൽ കലക്ടർ ജോൺ വി.സാമുവൽ സമരസമിതി നേതാക്കളോടു ഫോണിൽ സംസാരിച്ചു താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കി.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, നെൽക്കർഷക സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, രക്ഷാധികാരി വി.ജെ.ലാലി, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, യുഡിഎഫ് നേതാക്കളായ സിബി ജോൺ കൈതയിൽ, ബിനു ചെങ്ങളം, റൂബി ചാക്കോ, മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രായം തടസ്സമാകാതെ സമരവീര്യം
∙ 81 വയസ്സുള്ള സി.എ.ചിന്നമ്മയ്ക്ക് 10 മണിക്കൂർ നീണ്ട പാഡി ഓഫിസ് ഉപരോധത്തിനു പ്രായം തടസ്സമായില്ല. കുറിച്ചി മണ്ണംകര കുറിഞ്ഞിക്കാട് പാടശേഖരത്തു ചിന്നമ്മയ്ക്ക് 1.5 ഏക്കറിൽ കൃഷിയുണ്ട്. ചിന്നമ്മയുടേത് ഉൾപ്പെടെയുള്ള കർഷകരുടെ നെല്ല് പാടത്തു കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ നെല്ലു നനയുന്നതു മഴ പെയ്തല്ല, കർഷകരുടെ കണ്ണീരു കൊണ്ടാണെന്നു ചിന്നമ്മ പറഞ്ഞു.

English Summary:

Rice farmers in Kottayam protested for 10 hours against unfair deductions imposed by mill owners. This lengthy protest, supported by the UDF, underscores the dire financial situation facing farmers in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com