പുഴുങ്ങി ഉണങ്ങി അരിയാക്കുന്ന സമയത്ത് പണം; അതൊക്കെയൊരു കാലം

Mail This Article
കുമരകം ∙ പാടത്ത് നെല്ലും വരമ്പത്ത് സങ്കടവുമായി നെൽക്കർഷകർ കഴിയുന്ന ഇക്കാലത്ത്, പഴയ നെല്ലുസംഭരണം എങ്ങനെയെന്നു പറയുകയാണ് നെല്ലു പുഴുക്കു നടത്തിയിരുന്ന തയ്യിൽ ഔസേപ്പച്ചനും ഭാര്യ ചിന്നമ്മയും. 40 വർഷത്തെ ഓർമകളാണ് ഇരുവരുടെയും മനസ്സിൽ. അന്ന് നെല്ല് സംഭരണത്തിനു ഓരോ പഞ്ചായത്തിലും 8–10 പുഴുക്കുകാരുണ്ടാകും. അവരായിരുന്നു പടിഞ്ഞാറൻ മേഖലയിലെ പതിനായിരത്തിലേറെ ഏക്കറിലെ നെല്ലു സംഭരിച്ചിരുന്നത്. പറക്കണക്കിനായിരുന്നു അളന്നെടുത്തിരുന്നത്. ഓരോ പുഴുക്കുകാർക്കും അതതു പ്രദേശത്തെ കർഷകർ നെല്ലു നൽകും.
കൊയ്ത്ത് കഴിയുമ്പോൾ തന്നെ കൂലിക്കാരെ നിർത്തി വള്ളത്തിൽ നെല്ലു സംഭരിച്ചു ഗോഡൗൺ വയ്ക്കും. ഒരു വർഷത്തെ പുഴുക്കിനുള്ള നെല്ലാകും ഓരോ പുഴുക്കുകാരും സംഭരിക്കുക.ഔസേപ്പച്ചൻ പുഞ്ചസീസണിൽ 3 ലക്ഷം കിലോഗ്രാം നെല്ലാണ് സംഭരിച്ചിരുന്നത്. കൊയ്ത്ത് തീരുന്ന മുറയ്ക്കുതന്നെ സംഭരണം നടത്തും. ദിവസം 1000–1200 കിലോഗ്രാം നെല്ലാണു പുഴുങ്ങി ഉണങ്ങി വയ്ക്കുന്നത്. നെല്ല് പാടങ്ങളിൽ പോയി ശേഖരിച്ചു കൊണ്ടുവരുന്ന ജോലി ഔസേപ്പച്ചനാണെങ്കിൽ വീടിനു സമീപത്തെ പുഴുക്കുപുരയുടെ ചുമതല ചിന്നമ്മയ്ക്കായിരുന്നു. ഒരു വർഷത്തിൽ 300 ദിവസമെങ്കിലും പുഴുക്ക് ഉണ്ടാകും.
പണം നിശ്ചിതസമയത്ത്
കർഷകർക്കു നെല്ലിന്റെ പണം പറയുന്ന തീയതിക്കു തന്നെ നൽകും. പുഴുങ്ങി ഉണങ്ങി അരിയാക്കുന്ന സമയമായിരുന്നു പണം നൽകുന്നതിനുള്ള കാലാവധി. കൂടുതൽ ഏക്കറുള്ള കർഷകർക്ക് ആദ്യഘട്ടം പണം നൽകിക്കഴിഞ്ഞു ബാക്കി പണത്തിനു ബാങ്ക് പലിശ വരെ നൽകിയിരുന്നതായി ഔസേപ്പച്ചനും ചിന്നമ്മയും പറയുന്നു.
അരിമില്ലുകൾ
നെല്ല് പുഴുങ്ങി ഉണങ്ങി കോട്ടയത്തെ മില്ലിൽ കൊണ്ടുപോയി അരിയാക്കി അവിടെ വിൽക്കുകയായിരുന്നു. 13 മില്ലുകളാണു കോട്ടയത്ത് ഉണ്ടായിരുന്നതെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ഇപ്പോൾ ആ മില്ലുകളിൽ ഒന്നു പോലുമില്ല.
ബാബുവിനുമുണ്ട് പറയാൻ
ഔസേപ്പച്ചന്റെ നെല്ല് പുഴുങ്ങി ഉണക്കിയിരുന്ന തൊഴിലാളികളിൽ ഒരാളായിരുന്നു അട്ടിപ്പേറ്റ് ബാബു. 2 തൊഴിലാളികൾ വേറെയും ഉണ്ടായിരുന്നു. നെല്ല് ഗോഡൗണിൽ നിന്നെടുത്ത് ചെമ്പിൽ ഇട്ടു വെള്ളം ഒഴിച്ചു ചൂള ഉപയോഗിച്ചു തീ കത്തിച്ചായിരുന്നു പുഴുക്ക്. ചൂള കറക്കി ഒപ്പം ഉമി അടുപ്പിലേക്ക് ഇടും. അപ്പോൾ തീ ആളിക്കത്തും. നെല്ല് പുഴുങ്ങി വെള്ളം വാർത്ത് കളഞ്ഞ ശേഷം ചൂട് പറക്കുന്ന നെല്ലു കൊട്ടയിൽ വാരി പായയിൽ ഇട്ട് ഉണക്കി ചാക്കിൽക്കെട്ടി വയ്ക്കും. മറ്റു തൊഴിലാളികൾ വള്ളത്തിൽ കയറ്റി കോട്ടയത്തെ മില്ലിലേക്കു കൊണ്ടുപോകും.