കോഴ്സ് മനസ്സിലാക്കാതെ വിദേശപഠനം വേണ്ട: ഡെന്നി തോമസ് വട്ടക്കുന്നേൽ
Mail This Article
കോഴിക്കോട് ∙ഒരേ അവസരങ്ങൾക്കു പിന്നാലെ ഒരുകൂട്ടമായി പോകുന്നതിനു പകരം ഓരോ കോഴ്സിനെക്കുറിച്ചും തൊഴിൽസാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നേടിയശേഷംമാത്രം വിദേശപഠനത്തിനു തയാറെടുക്കണമെന്ന് സാന്റമോണിക്ക ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ അഭിപ്രായപ്പെട്ടു. മനോരമ ഹോർത്തൂസിൽ ‘അതിരുകളില്ലാത്ത വിദ്യാഭ്യാസം, അതിർത്തികൾ താണ്ടുന്ന വിദ്യാർഥികൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കോളജുകളിലും ലോകനിലവാരത്തിലുളള കോഴ്സുകളും സാഹചര്യങ്ങളുമുണ്ട്. വിദശവിദ്യാർഥികൾക്ക് ഇവിടെ വന്നുപഠിക്കാനും സാഹചര്യമൊരുക്കണം. നമുക്കു ചുറ്റുമുള്ളവർക്കൊപ്പം പഠിക്കുന്നതും നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ളവർക്കൊപ്പം പഠിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇതിനനുസൃതമായ നയങ്ങൾ രാജ്യത്ത് രൂപപ്പെടണമെന്നും ഡെന്നി തോമസ് പറഞ്ഞു.വിദേശപഠനം തിരഞ്ഞെടുത്തു പോകുന്നവർക്കിടയിൽ അസഹിഷ്ണുതയുടെ രാഷ്ട്രീയം വളരുന്നുണ്ടെന്നും ഇതു നേരിടാൻ സർക്കാർ ഇടപെടണമെന്നും ഈ സെഷനിൽ പങ്കെടുത്ത വിദ്യാഭ്യാസ വിദഗ്ധൻ എം.വി.ബിജുലാൽ പറഞ്ഞു.
ബിസിനസും കലതന്നെ:ജോയ് ആലുക്കാസ്
കോഴിക്കോട് ∙ ബിസിനസ് എന്നത് കലയാണെന്നും സംഗീതജ്ഞനു സംഗീതംപോലെ ബിസിനസ് ഉള്ളിലുള്ള ഏതൊരാൾക്കും ഈ കലയും സ്വായത്തമാക്കാമെന്നും ജോയ്‌ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസ് പറഞ്ഞു. മനോരമ ഹോർത്തൂസിൽ ‘ദ് ആർട്ട് ഓഫ് സ്പ്രെഡിങ് ജോയ്’ എന്ന ആത്മകഥയെക്കുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്വർണം ധരിച്ചാലേ ഒരു പെൺകുട്ടി സുന്ദരിയാവൂ എന്ന കാഴ്ചപ്പാട് എനിക്കില്ല. പക്ഷേ രാസവസ്തുക്കൾ ഉപയോഗിച്ചു സൗന്ദര്യം വർധിപ്പിക്കുന്നതിനേക്കാൾ ആരോഗ്യത്തിനു നല്ലത് ആഭരണമണിഞ്ഞ് സൗന്ദര്യം കൂട്ടുന്നതാണെന്നാണ് അഭിപ്രായം. വിവാഹത്തിൽ ഒരു താലി വേണമെന്നതിനാൽ ഏതൊരാളുടെയും ജീവിതവമായി സ്വർണം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. കേരളത്തിൽ പുതുതലമുറയ്ക്ക് ആഭരണത്തോട് ഇഷ്ടം കുറഞ്ഞാലും ഉത്തരേന്ത്യയിലും മറ്റും സ്വർണം വാങ്ങുന്നവർ അനേകമുണ്ട്–ജോയ് ആലുക്കാസ് പറഞ്ഞു. മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ മോഡറേറ്ററായിരുന്നു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/