‘നിങ്ങളെറിഞ്ഞ കല്ലുകൾ കൊണ്ട് കഥാഗോപുരത്തിന്റെ അസ്തിവാരം ബലപ്പെടുത്തി’
Mail This Article
കോഴിക്കോട് ∙ ‘‘ഏറ്റവുമധികം കല്ലേറു കിട്ടിയ എഴുത്തുകാരനാണു ഞാൻ... കുറെയധികം ദുരാരോപണങ്ങളും കേട്ടു...’’ പറയുന്നതു മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി.പത്മനാഭൻ. ‘‘കഥയെന്ന ഗോപുരത്തിന്റെ അസ്തിവാരം ബലപ്പെടുത്താനാണ് ആ കല്ലുകളെല്ലാം ഞാനുപയോഗിച്ചത്. നിങ്ങൾ വീണ്ടും വീണ്ടും കല്ലെറിയൂ...’’ എഴുത്തുകാരന്റെ വാക്കുകളിൽ നെഞ്ചുറപ്പ്. ‘കഥയുടെ നളിനകാന്തി’ എന്ന സെഷനിൽ എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്തുമായി സംവദിക്കുകയായിരുന്നു പത്മനാഭൻ. വിപണിയിലെ ഏറ്റവും ആധുനിക മൊബൈൽ ഫോൺ ആണു പത്മനാഭൻ ഉപയോഗിക്കുന്നത്. ഉപയോഗം, വിളിക്കലും വിളിയെടുക്കലും. ഫോണിലെ മറ്റു സംവിധാനങ്ങളൊന്നും കഥാകൃത്ത് ഉപയോഗിക്കാറില്ല. സമൂഹമാധ്യമങ്ങളിൽ അംഗവുമല്ല. അതുകൊണ്ടുതന്നെ തനിക്കെതിരെ അവയിൽ വരുന്നതൊന്നും അറിയാറില്ല. ചില പരിചയക്കാർ ചിലതു പറയും. പക്ഷേ, കാര്യമാക്കില്ല. ‘‘എന്നെപ്പറ്റി പറയാൻ ഏറ്റവും അർഹത എനിക്കാണ്; മറ്റാർക്കുമല്ല’’ – കഥാകാരന്റെ ആത്മവിശ്വാസം. വായനയാണ് എഴുത്തിലെന്നും കരുത്തായത്.
ഭക്തനല്ലെങ്കിലും രാമായണം വായിക്കും. മികച്ച ജീവിതവീക്ഷണം കിട്ടാനാണ് ഇടയ്ക്കിടെയുള്ള രാമായണ വായന. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടെ പരന്ന വായനയ്ക്ക് എങ്ങനെ നേരം കിട്ടിയെന്നു സുസ്മേഷിന്റെ സംശയം. ‘‘ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ജോലി കഴിഞ്ഞ് നേരെ പോകുന്നതു ക്ലബ്ബിലേക്കായിരുന്നു ‘ദാഹവും വിശപ്പും’ തീർക്കാനാണു പോക്ക്. ഞാൻ പോയതു വായനാമുറിയിലേക്കായിരുന്നു...’’. പത്മനാഭൻ പറഞ്ഞു. ‘‘മനസ്സിൽ കുനുഷ്ട് ഇല്ലാത്തതുകൊണ്ടാണ് എപ്പോഴും പ്രസന്നവാനായി ഇരിക്കാനാകുന്നത്. ഒന്നും ഉള്ളിൽ ഒളിപ്പിക്കാറില്ല. മനസ്സിൽ സമ്മർദങ്ങളുമില്ല...’’ പ്രണയസുന്ദരമായ കഥാപരിസരങ്ങൾ ഇപ്പോഴും സൃഷ്ടിക്കാനാവുന്നതിന്റെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തി. സഫലമായ ജീവിതമാണ്. ഒരാഗ്രഹവും ബാക്കിയില്ലെന്ന പുഞ്ചിരിയോടെ പത്മനാഭൻ പറഞ്ഞുനിർത്തി. ഹോർത്തൂസ് പുസ്തക പരമ്പരയിൽ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച സുസ്മേഷ് ചന്ത്രോത്തിന്റെ ‘ഭരതേട്ടൻ’ എന്ന കഥാസമാഹാരം സുസ്മേഷിന്റെ ഭാര്യ ദീപയ്ക്കു നൽകി ടി.പത്മനാഭൻ പ്രകാശനം ചെയ്തു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: