ഞാൻ കരഞ്ഞു; ടാറ്റ ചിരിച്ചു; ബഷീറിന്റെ സന്തോഷവും ദുഃഖവും ഓർത്തു പറഞ്ഞ് മകൻ അനീസ്
Mail This Article
കോഴിക്കോട് ∙ പിതാവിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞത് മരണത്തിനു രണ്ടു ദിവസം മുൻപു മാത്രമാണെന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ്. ബഷീറിന്റെ മകൾ ഷാഹിന കൂടിയുള്ള സദസ്സിനു മുന്നിലാണു പിതാവിനൊപ്പമുള്ള അമൂല്യ നിമിഷങ്ങൾ ഓർത്തെടുത്തത്. ‘ടാറ്റയ്ക്കു(ബഷീറിനെ മക്കൾ വിളിച്ചിരുന്ന പേര്) തീരെ സുഖമില്ലാതിരുന്ന ദിവസങ്ങളായിരുന്നു. ഒരു ദിവസം കാരശ്ശേരി മാഷും മെഹർ അലിയും വന്നു. എനിക്ക് അന്ന് 22 വയസ്സാണ്. ഞാനും അവർക്കൊപ്പമിരുന്നു. ഏറ്റവും സന്തോഷിപ്പിച്ചതും ദുഃഖിപ്പിച്ചതുമായ സന്ദർഭങ്ങളെ പറ്റി ചോദിച്ചു.
ഭർത്താവ് മരിച്ച മകൾ ഫാബിയുടെ കൈ പിടിച്ചു കൊടുക്കാൻ ഒരു അവസരം കൂടി കിട്ടിയില്ലല്ലോ എന്നു ടാറ്റ ദുഃഖിച്ചു. കുട്ടിക്കാലത്ത് അസുഖം കൂടി അബോധാവസ്ഥയിലായ എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടിയതിനെക്കുറിച്ചു പറഞ്ഞു. ഓട്ടത്തിനിടെ കാൽ പ്ലാവിന്റെ വേരിൽ തട്ടി വീഴാൻ പോയപ്പോൾ ഞാൻ കരഞ്ഞു. ആ കരച്ചിലാണ് ഏറ്റവും സന്തോഷിപ്പിച്ചത്: ഓർക്കുമ്പോൾ കരയാതിരിക്കാൻ അനീസ് പാടുപെട്ടു. എഴുത്തുകാരൻ എം.എൻ.കാരശ്ശേരി, സംവിധായകൻ എം.എ.റഹ്മാൻ എന്നിവരും ‘വിശ്വവിഖ്യാതനായ ബഷീർ’ എന്ന ചർച്ചയിൽ സജീവമായി. പുരസ്കാരങ്ങൾക്കും മുകളിലാണ് ബഷീറെന്ന് എം.എൻ.കാരശ്ശേരി പറഞ്ഞു. തെറപ്പി പോലെയാണു ബഷീർ സാഹിത്യമെന്ന് എം.എ.റഹ്മാനും.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/