പുരുഷാധിപത്യം സാഹിത്യത്തിലുമെന്ന് വനിതാ എഴുത്തുകാർ
Mail This Article
കോഴിക്കോട് ∙ സാഹിത്യത്തിലും പുരുഷാധിപത്യം സജീവമാണെന്നു പുസ്തകശാലയിലെ ചർച്ചയിൽ വനിത എഴുത്തുകാർ തുറന്നടിച്ചു. എന്തുകൊണ്ടാണ് ജ്ഞാനപീഠം പോലുള്ള പുരസ്കാരങ്ങൾ വനിതാ എഴുത്തുകാർക്ക് വേണ്ടത്ര ലഭിക്കാത്തതെന്ന ചോദ്യം ആദ്യം ഉന്നയിച്ചത് ചർച്ച നയിച്ച സാഹിത്യകാരി കെ.പി.സുധീരയാണ്.
സാഹിത്യത്തിലും പുരുഷാധിപത്യം പ്രകടമാണെന്ന സുധീരയുടെ അഭിപ്രായത്തോട് ചർച്ചയിൽ പങ്കെടുത്ത ഡോ.ഇ.പി.ജ്യോതിയും രജനി സുരേഷും അനുകൂലിച്ചു. മലയാള മനോരമ സംഘടിപ്പിക്കുന്ന ഹോർത്തൂസ് കലാ സാഹിത്യ ഉത്സവത്തോടനുബന്ധിച്ചു പുസ്തകശാലയിൽ നടന്ന ‘സാഹിത്യ നഗരിയിലെ സ്ത്രീ എഴുത്തുകാർ’ എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഇവർ.
നെല്ലിന്റെ എഴുത്തുകാരി പി.വത്സലയെ സ്മരിച്ചു കൊണ്ടാണ് ചർച്ചയ്ക്കു തുടക്കമിട്ടത്. കോഴിക്കോടിനു യുനെസ്കോ യുടെ സാഹിത്യ നഗരം പദവി ലഭിച്ചതിൽ കോഴിക്കോട്ടെ എഴുത്തുകാരികളുടെ പങ്കും വളരെ വലുതാണെന്ന് സുധീര പറഞ്ഞു. ലോകമെമ്പാടുമുള്ള സ്ത്രീ എഴുത്തുകാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ് കോഴിക്കോട്ടെ എഴുത്തുകാരികളും അനുഭവിക്കുന്നത്.
18–ാം നൂറ്റാണ്ടിൽ കോഴിക്കോട്ട് ജീവിച്ചിരുന്ന, ശ്ലോകങ്ങളിലൂടെ ആശയ വിനിമയം നടത്തിയിരുന്ന മനോരമത്തമ്പുരാട്ടിയുടെയും കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കടത്തനാട്ട് മാധവിയമ്മയുടെയും സാഹിത്യ പാരമ്പര്യത്തിന്റെ തുടർച്ചയാണ് കോഴിക്കോട്ടെ സ്ത്രീ എഴുത്തുകാരെന്ന് കഥാകൃത്ത് ഡോ. ഇ.പി.ജ്യോതി പറഞ്ഞു. സാഹിത്യ പാരമ്പര്യമുള്ള ഒറ്റപ്പാലത്തുനിന്നു ജോലി സംബന്ധമായി കോഴിക്കോട്ടെത്തി കോഴിക്കോടിനെ എഴുത്തുപുരയാക്കിയവളാണു താനെന്നു കഥാകൃത്ത് രജനി സുരേഷ് പറഞ്ഞു. സ്ത്രീ എഴുത്തുകാർ കുടുംബവും ജോലിയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ പ്രയാസങ്ങളും വ്യക്തമാക്കി.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/