മായാത്ത മുദ്രയായി ഹോർത്തൂസ്; കലാസാഹിത്യോത്സവം കൊടിയിറങ്ങി
Mail This Article
കോഴിക്കോട് ∙ കണ്ടും കേട്ടും മിണ്ടിയും കടൽപോലെ പെരുകിയ മനോരമ ‘ഹോർത്തൂസ്’ ആദ്യപതിപ്പിനു സമാപനം. കോഴിക്കോട് കടപ്പുറത്തുനിന്ന് അലയടിച്ചുയർന്ന അക്ഷരത്തിരമാലകൾ 3 ദിനംകൊണ്ടു നാടാകെ പടർന്നപ്പോൾ സാംസ്കാരിക കേരളത്തിൽ പതിഞ്ഞതു മായ്ക്കാനാകാത്ത മുദ്ര. ആറു വേദികളിലെ 150 സെഷനുകളിലായി വിദേശത്തു നിന്നുൾപ്പെടെ അഞ്ഞൂറോളം അതിഥികൾ സംവദിച്ച ‘ഹോർത്തൂസ്’ കോഴിക്കോടിന് അക്ഷരങ്ങളുടെ മിഠായി മധുരമായി.
ഉത്സവം കൊടിയിറങ്ങിയെങ്കിലും ഉത്സവനഗരിയിൽ കൊടിയേറിയ ചിരിയും ചിന്തയും തുടരും. ശുദ്ധിയുള്ള രാഷ്ട്രീയത്തിനും കലർപ്പില്ലാത്ത സാഹിത്യത്തിനുമായി ഒന്നിച്ചു നിൽക്കണമെന്ന ആഹ്വാനത്തിനു ഹോർത്തൂസ് വേദിയായി. വിയോജിപ്പുകൾ മാറ്റിവച്ചു നാളത്തെ കേരളം ഒരുമിച്ചു രചിക്കാമെന്ന രാഷ്ട്രീയ നേതാക്കളുടെ പ്രഖ്യാപനവും, ഭാഷയുടെ സ്വത്വം നിലനിർത്താൻ ഒരുമിച്ചു പോരാടണമെന്ന ആഹ്വാനവുമുണ്ടായി.
പാർശ്വവൽകരിക്കപ്പെട്ടവരുടെ ശബ്ദം വേദികളിൽ മുഴങ്ങി. രാവും പകലും നോക്കാതെ ഒഴുകിയെത്തിയ ആസ്വാദകർ ഹോർത്തൂസിനെ നെഞ്ചേറ്റി മടങ്ങി. കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും; ഹോർത്തൂസിന്റെ മേളം, വരയും സംഗീതവും എഴുത്തും വായനയുമുള്ളിടത്തോളവും...