ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നു തുടർനടപടികൾ അനിവാര്യമെന്ന് അഭിനേത്രി സ്വര ഭാസ്കർ. മനോരമ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിൽ ‘ആർട്ടിസ്റ്റ് ആസ് എ ഡിസെന്റിങ് സിറ്റിസൻ’ എന്ന ചർച്ചയിൽ ഷാഹിന കെ.റഫീക്കുമായി സംസാരിക്കുകയായിരുന്നു സ്വര. ഇന്ത്യൻ ചലച്ചിത്ര മേഖലയെ സംബന്ധിച്ച വസ്തുനിഷ്ഠമായ കണ്ടെത്തലുകളാണു ഹേമ കമ്മിറ്റിയുടേത്. അതിനു വഴിവച്ച വിമൻ ഇൻ‍ സിനിമ കലക്ടീവിന്റേത് (ഡബ്ല്യുസിസി) ‘ഹീറോയിക്’ ഇടപെടലാണെന്നും സ്വര ഭാസ്കർ പറഞ്ഞു. സിനിമയിലെ ലിംഗസമത്വത്തിനും തുല്യവേതനത്തിനും വേണ്ടിയും, സ്ത്രീകൾ നേരിടുന്ന അവഗണനയ്ക്കെതിരെയും സമാനതയില്ലാത്ത പോരാട്ടം നടത്തിയ ഡബ്ല്യുസിസിക്ക് ഇന്ത്യൻ ചലച്ചിത്രലോകം കയ്യടി നൽകണം.

manorama-hortus-logo

വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയിൽ ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന ആശയം കാമ്പില്ലാത്തതാണ്. ഭരണഘടനാ മൂല്യങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന സമകാലിക ചുറ്റുപാടിൽ മുൻ നിശ്ചയിച്ച അജൻഡയോടെയാണു ഭരണകൂടം പ്രവർത്തിക്കുന്നത്. അനീതികൾക്ക് ഇരയായവർക്കു വേണ്ടിയും മനുഷ്യാവകാശങ്ങളുടെ വീണ്ടെടുപ്പിനായും പോരാടിയ ജി.എൻ.സായിബാബയ്ക്കും ഫാ.സ്റ്റാൻ സ്വാമിക്കും നേരിടേണ്ടി വന്നതു കടുത്ത അനീതിയാണ്. അവയ്ക്കു ജുഡീഷ്യറി മറുപടി പറയണം. 

ലൗ ജിഹാദ് എന്ന മിഥ്യാപ്രചാരണത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജൻഡയുണ്ടെന്നും ഫഹദ് അഹമ്മദുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി സ്വര പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിര‍ഞ്ഞെടുപ്പിൽ എൻസിപി സ്ഥാനാർഥിയായ ഫഹദിന്റെയും തന്റെയും രാഷ്ട്രീയ നിലപാടുകളിൽ വ്യത്യാസമുണ്ട്. ഹിന്ദുത്വത്തിനെതിരെ ആശയപരമായ വെല്ലുവിളിയാണു രാഹുൽ ഗാന്ധി ഉയർത്തുന്നത്. ആ നിലപാടിനെ പിന്തുണയ്ക്കുന്നതിനാലാണു രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതെന്നും അവർ പറഞ്ഞു.

കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com

English Summary:

During the Manorama Hortus Literature Festival, Bollywood actress Swara Bhaskar emphasized the need for the Kerala government to take concrete action based on the findings of the Hema Committee Report. This statement was made during a session titled "Artist as a Dissenting Citizen," highlighting Bhaskar's commitment to social activism and raising awareness about critical issues.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com