‘ചരിത്രരചനയിൽ ഭരണകൂടം ഇടപെടുന്നത് വികലമായ ചരിത്രബോധം സൃഷ്ടിക്കും’
Mail This Article
കോഴിക്കോട് ∙ ചരിത്ര ഗവേഷണത്തിലും രചനയിലും ഭരണകൂടം ഇടപെട്ടു വികലമായ ചരിത്രം സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ.മുഹമ്മദ്. മനോരമ ഹോർത്തൂസിൽ ‘കുഴിച്ചെടുക്കുന്ന ചരിത്രം, കുഴിച്ചു മൂടുന്ന ചരിത്രം’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചരിത്രസത്യങ്ങൾ നാം മുറുകെ പിടിക്കണം. ഗാന്ധിയും മുഗൾ ചരിത്രവും പാഠപുസ്തകങ്ങളിൽ നിന്നു നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഗാന്ധിയെ പോലെ ഒരു മനുഷ്യൻ ചരിത്രത്തിൽ വേറെ ഇല്ല. അതു പുതുതലമുറ പഠിക്കരുതെന്നു നിശ്ചയിക്കുന്നത് നീതിയല്ല.’ – കെ.കെ.മുഹമ്മദ് പറഞ്ഞു.
‘രാജ്യത്തെ എല്ലാ ജനങ്ങളെയും ഉൾക്കൊള്ളുന്നതായിരുന്നു അക്ബറിന്റെ സങ്കൽപം. ഇന്ത്യക്കാരെ മുഴുവൻ ഉൾക്കൊണ്ടാണ് അദ്ദേഹം ഭരണം നടത്തിയത്. അത്തരം ഒരാളെ ചരിത്രത്തിൽ നിന്നു മാറ്റി നിർത്തുന്നതു ദ്രോഹമാണ്. ചരിത്രത്തിലെ ഒരു ഭാഗവും തിരസ്ക്കരിക്കപ്പെടരുത്. സത്യങ്ങൾ മുറുകെ പിടിക്കണം. വികലമായ ചരിത്ര ബോധമുള്ള തലമുറ ആപത്കരമാണ്’–അദ്ദേഹം പറഞ്ഞു.ഇന്ത്യാ ചരിത്രത്തിന്റെ ചില ഭാഗങ്ങൾ വിദ്യാർഥികൾ പഠിക്കേണ്ട എന്നു തീരുമാനിക്കുകയും എൻസിഇആർടി ടെക്സ്റ്റ് ബുക്കിൽ നിന്ന് നീക്കം ചെയ്യുകയും സംഭവിക്കുമ്പോൾ വിമർശനാത്മകമായി ചിന്തിക്കുന്ന യുവ തലമുറയാണ് ഇല്ലാതാവുന്നതെന്ന് വി.വി.ഹരിദാസ് പറഞ്ഞു.
യുക്തി ചിന്ത ഇല്ലാതാവുന്ന രീതിയിലുള്ള നിരീക്ഷണങ്ങൾ ശാസ്ത്ര, ചരിത്ര കോൺഗ്രസുകളിൽ ഉണ്ടാവുന്നത് നല്ല പ്രവണതയല്ലെന്നും ഇത്തരം വേദികളിൽ യുക്തിരഹിതമായ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സെഷനിൽ അഭിപ്രായമുയർന്നു. എം.സി.വസിഷ്ഠ് മോഡറേറ്ററായി.
കലയും സാഹിത്യവും ആഘോഷമാക്കി മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/