‘എഐ കാലത്തെ കേരളം’ സെഷൻ: ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മാറ്റം വേണം
Mail This Article
കോഴിക്കോട് ∙ സാങ്കേതികവിദ്യയുടെ സാധ്യതകളെ കേരളത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് അതിനനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ വരണമെന്നും ചർച്ച ചെയ്ത് ‘എഐ കാലത്തെ കേരളം’ സെഷൻ. ഹോർത്തൂസ് കലാസാഹിത്യോത്സവഭാഗമായി നടത്തിയ ചർച്ചയിൽ ഐബിഎസ് സോഫ്റ്റ്‌വെയേഴ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസും ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം എം. ജോസഫുമാണു പങ്കെടുത്തത്.
പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സർവകലാശാലകൾക്കും കോളജുകൾക്കും കൂടുതൽ പരമാധികാരം നൽകുകയാണു വേണ്ടതെന്ന് വി.കെ.മാത്യൂസ് പറഞ്ഞു. പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്താലേ ഏതു പ്രദേശത്തിനും വികസിക്കാനാവൂ. പക്ഷേ, കേരളത്തിലെ പ്രതിഭകളായ ചെറുപ്പക്കാരെല്ലാം ഇവിടം വിട്ടു പോവുകയാണ്. ഡിജിറ്റൽ ലോകത്തെ ജീവിവിഭാഗമായി നിർമിത ബുദ്ധി മാറിക്കഴിഞ്ഞു. മനുഷ്യർ ഡിജിറ്റൽ ലോകത്തു സൃഷ്ടിച്ചെടുത്ത ഈ ജീവിവിഭാഗം ലോകത്തിനു നന്മ സമ്മാനിക്കുന്ന രീതിയിൽത്തന്നെ വളർന്നു വരുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയും നമുക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായേ പറ്റൂ എന്ന കാര്യമാണു ചർച്ചയിൽ ടോം എം. ജോസഫ് ഉന്നയിച്ചത്. അടിക്കടി മാറുന്ന സാങ്കേതികവിദ്യയുടെ കാലത്ത് ഇന്ന് ഇൻഡസ്ട്രിക്കു വേണ്ട നൈപുണ്യം എന്താണോ അതു വിദ്യാർഥിക്ക് നൽകുകയും അക്കാര്യത്തിൽ അവർക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയുമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങൾക്കു ചെയ്യാനുള്ളത്. നിർമിത ബുദ്ധി ഒരിക്കലും നിങ്ങളുടെ ജോലി എടുക്കില്ല. പക്ഷേ, നിർമിത ബുദ്ധിയെക്കുറിച്ചു പഠിച്ച ഒരാൾ, ഉപയോഗിക്കാൻ അറിയുന്ന ആൾ ചിലപ്പോൾ ഭാവിയിൽ നിങ്ങളുടെ ജോലി എടുത്തേക്കാം. മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോറായിരുന്നു മോഡറേറ്റർ.
കലയും സാഹിത്യവും ആഘോഷമാക്കി മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/