വിരണ്ട പോത്ത് നാടിനെ വിറപ്പിച്ചു, ഒരു മണിക്കൂർ മിന്നൽ പരാക്രമം

Mail This Article
ചേളന്നൂർ∙ഒരു മണിക്കൂർ, 3 കിലോമീറ്റർ ദൂരം! ആളുകളുടെ മുൾമുനയിൽ നിർത്തി പോത്ത്. വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് 2 പേർക്ക് പരുക്ക്. ഒരു വീട്ടിലെ സ്കൂട്ടർ ഇടിച്ചിട്ടു. രാവിലെ പത്തരയോടെ പാലത്ത് അങ്ങാടിക്കു സമീപത്തു നിന്നു വിരണ്ടോടിയ പോത്തിനെ ഒരു മണിക്കൂറിനു ശേഷം അമ്പലത്തുകുളങ്ങര ചാലിയിൽ നിന്നാണ് പിടിച്ചു കെട്ടിയത്. കുമാരസ്വാമിയിൽ മത്സ്യ കച്ചവടം നടത്തുന്ന ചേളന്നൂർ കണ്ണങ്കര വളയനംകണ്ടിയിൽ ഇസ്മായിലിനെ (55) പരുക്കുകളോടെ മേയ്ത്ര ഹോസ്പിറ്റലിലും തമിഴ്നാട് സ്വദേശി ശേഖറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ വലതുകാലിന് ശസ്ത്രക്രിയ നടത്തി.

പാലത്ത് അങ്ങാടിക്കു സമീപത്തെ ബീഫ് സ്റ്റാളിലേക്ക് ലോറിയിൽ കൊണ്ടുവന്ന പോത്തിനെ ഇറക്കിയ ശേഷം സമീപത്ത് കെട്ടിയതായിരുന്നു. ഇവിടെ നിന്നു കയർ പൊട്ടിച്ചാണ് ഓടിയത്. പാലത്തു നിന്നു കുമാരസ്വാമിയിലേക്ക് ഓടുന്നതിനിടെ പലരെയും കുത്താൻ നോക്കിയെങ്കിലും ഒഴിഞ്ഞു മാറിയതിനാലാണ് രക്ഷപ്പെട്ടത്. കുമാരസ്വാമി ജംക്‌ഷനു സമീപമാണ് ശേഖറിനെ പോത്ത് കുത്തിയിട്ടത്. ശേഖറിന്റെ കാലിനു ക്ഷതമേറ്റു. തുടർന്ന് കുമാരസ്വാമി അങ്ങാടിയിൽ മത്സ്യക്കച്ചവടം നടത്തുന്ന ഇസ്മായിലിനെ കുത്തി. പോത്ത് കൊമ്പിൽ കോർത്ത് ഇസ്മായിലിനെ കറക്കി. പോത്തിന്റെ കുത്തേറ്റ് തുടഭാഗത്ത് ഗുരുതരമായ മുറിവേറ്റു. പോത്തിന്റെ മൂക്കുകയർ കൂട്ടിപ്പിടിച്ചു വലിച്ചാണ് രക്ഷപ്പെട്ടതെന്നു ഇസ്മായിൽ പറഞ്ഞു.
പുവ്വക്കുന്നത്ത് സ്വാമിക്കുട്ടിയുടെ പറമ്പിലെത്തി അര മണിക്കൂറോളം അവിടെ നിന്നു. അവിടെ നിന്നാണ് പി.കെ.ജനിൽ കുമാറിന്റെ വീട്ടുപറമ്പിലെത്തി സ്കൂട്ടർ ഇടിച്ചിട്ടത്. വീട്ടുകാർ അകത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. പിന്നീട് അമ്പലത്തുകുളങ്ങര കനാൽ റോഡിലൂടെ ഓടി. നാട്ടുകാരും പൊലീസും പിന്തുടർന്നതിനെ തുടർന്ന് ചാലിയിലേക്ക് ഓടിയ പോത്തിന്റെ കാലിൽ കയർ കുടുങ്ങി മുന്നോട്ടു പോകാനാകാതെ കുടുങ്ങി. തുടർന്ന് ഇറച്ചി കച്ചവടക്കാർ ഉൾപ്പെടെ ചേർന്ന് പോത്തിന്റെ കാലും കയ്യും കെട്ടി. ചാലിയിലൂടെ വലിച്ചു കനാലിനു സമീപത്തേക്ക് കൊണ്ടുവന്നു. 11.45 ന് പോത്തിനെ ലോറിയിൽ കയറ്റി കൊണ്ടുപോയി.കാക്കൂർ പൊലീസ് ഇൻസ്പെക്ടർ സാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസും നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ സ്ഥലത്തെത്തി പോത്തിനെ മയക്കുവെടി വയ്ക്കുന്നതിനായി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ട് ഷൂട്ടറെ ലഭ്യമാക്കിയിരുന്നു. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, മെംബർ എം.കെ.രാജേന്ദ്രൻ, മുൻ മെംബർ വി.ജിതേന്ദ്രനാഥ്, ഡിസിസി സെക്രട്ടറി സി.വി.ജിതേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.ശ്യാംകുമാർ തുടങ്ങിയവരും സ്ഥലത്തെത്തി.വിരണ്ടോടിയ പോത്തിനെ പിടികൂടാൻ ചേളന്നൂർ ഏഴേ ആറിലെ ബീഫ് സ്റ്റാളിൽ നിന്നു മറ്റൊരു പോത്തുമായി പാലത്ത് സ്വദേശി നജീബും പള്ളിപ്പൊയിലിലെ നൗഷാദും എത്തി. ഒരു പോത്തിന്റെ അടുത്തേക്ക് മറ്റൊരു പോത്തിനെ എത്തിച്ചാൽ വേഗം പിടികൂടാനാകുമെന്നു ഇരുവരും പറഞ്ഞു.ഇവരും തോട്ടുങ്ങര അജി ഉൾപ്പെടെയുള്ളവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പോത്തിനെ പിടികൂടിയത്.