കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ പാർക്കിങ് ഗ്രൗണ്ട്: പ്രവൃത്തി തുടങ്ങി

Mail This Article
കൂരാച്ചുണ്ട് ∙ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ പാർക്കിങ് ഗ്രൗണ്ടിന്റെ പ്രവൃത്തി തുടങ്ങി. ടൂറിസം സെന്ററിൽ പാർക്കിങ് സൗകര്യമില്ലാതെ സഞ്ചാരികൾ വലയുന്നതായി മനോരമ വാർത്ത നൽകിയതിനെ തുടർന്നാണ് പാർക്കിങ് ഗ്രൗണ്ട് പ്രവൃത്തി ആരംഭിച്ചത്. ഡാം സൈറ്റിലെ പൊലീസ്, കെഎസ്ഇബി ക്യാംപ് ഓഫിസിനു പിൻഭാഗത്ത് പാർക്കിങ് സൗകര്യം കുറവായതിനാൽ കൂടുതൽ ടൂറിസ്റ്റുകൾ എത്തിയാൽ വാഹന പാർക്കിങ് പ്രശ്നം നേരിട്ടിരുന്നു.
ഈ മേഖലയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 100ഓളം വാഹനങ്ങൾക്ക് പാർക്കിങ്ങിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ ഫണ്ട് കൂടി ലഭിച്ചാൽ നിലം ഇന്റർലോക്ക് സ്ഥാപിച്ച് മനോഹരമാക്കാനാണു തീരുമാനം. സർവീസിനു വേണ്ടി നിർത്തിയിട്ട ബോട്ട് ഉൾപ്പെടെ 2 ബോട്ടുകളും അടുത്ത മാസം മുതൽ ഓടാൻ തുടങ്ങും. ഡാം സൈറ്റ് മേഖലയിലെ ഹോട്ടൽ ടെൻഡർ ചെയ്ത് ഏപ്രിൽ മാസം മുതൽ പ്രവർത്തനം ആരംഭിക്കും. അടുത്ത മാസം മുതൽ ടൂറിസ്റ്റുകൾക്ക് മികച്ച സൗകര്യങ്ങൾ സെന്ററിൽ ഏർപ്പെടുത്തുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.