പ്രതിഭകളെ വാർത്തെടുക്കാൻ എഫ്സി അരീക്കോട്

Mail This Article
മലപ്പുറം ∙ കേരള പ്രീമിയർ ലീഗിലൂടെ പ്രഫഷനൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന എഫ്സി അരീക്കോട് യുവത്വത്തിന്റെ കരുത്തുമായി പടയൊരുക്കം തുടങ്ങി. ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയിൽ പ്രതിഭ തെളിയിച്ച താരങ്ങൾ അരീക്കോടിന്റെ കരുത്താകും. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഐഎസ്എൽ കളിച്ച താരങ്ങളിലൊരാളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആൽഫ്രഡ് ലറോപാങ്, ബെംഗളൂരു എഫ്സിയുടെ ലെസ്റാം ജോൺസൺ സിങ്, ബ്ലാസ്റ്റേഴ്സിന്റെ ലവ്‌പ്രീത് മസീഹ്, നബീൽ എന്നിവരുമായി ക്ലബ് ധാരണയിലെത്തിക്കഴിഞ്ഞു. ടീമിന്റെ പരിശീലന ക്യാംപ് 28നു നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് മൈതാനത്ത് തുടങ്ങും.
കേരളത്തിലെ ഏറ്റവും പുതിയ പ്രഫഷനൽ ക്ലബ്ബുകളിലൊന്നാണു 2016ൽ രൂപീകരിച്ച എഫ്സി അരീക്കോട്. ചെറുപ്രായത്തിൽ താരങ്ങളെ കണ്ടെത്തി ലോക നിലവാരത്തിലുള്ള പരിശീലനം നൽകി വൻകിട ക്ലബ്ബുകൾക്കു കളിക്കാൻ പ്രാപ്തരാക്കുകയെന്നതാണു പ്രധാന ലക്ഷ്യം. ഗോവയിൽ പ്രീ സീസൺ പരിശീലനത്തിനിടെ ടീമംഗം ഫഹീം അലിയെ ഗോവൻ വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്സ് സ്വന്തമാക്കിയിരുന്നു. 6 മുതൽ 16 വരെ പ്രായ പരിധിയിലുള്ള വിവിധ ടീമുകൾ ക്ലബ്ബിനു കീഴിലുണ്ടാകും.
ഇവർക്കായി ലോക നിലവാരത്തിലുള്ള പാഠ്യ പദ്ധതി ഉൾപ്പെടുത്തി റസിഡൻഷ്യൽ സംവിധാനമൊരുങ്ങിവരുന്നു. പ്രതിഭകളെ വളർത്തിയെടുക്കുന്നതിനു മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന രാജ്യത്തെ അപൂർവം പ്രഫഷനൽ ക്ലബ്ബുകളിലൊന്നാണു എഫ്സി അരീക്കോടെന്നു പ്രസിഡന്റ് കാഞ്ഞിരാല അബ്ദുൽ കരീം പറഞ്ഞു. അരീക്കോട് സ്റ്റേഡിയം ലഭ്യമാകുന്നതുവരെ നീലഗിരിയിലായിരിക്കും ടീമിന്റെ പരിശീലനം. കേരളത്തിലെ ഫുട്ബോൾ പ്രതിഭാ ഫാക്ടറിയെന്നറിയപ്പെടുന്ന അരീക്കോട് നിന്നു വരുന്ന ആദ്യത്തെ പ്രഫഷനൽ ക്ലബ്ബാണ് എഫ്സി അരീക്കോട്.