‘ജില്ലാ ആശുപത്രിയുടെ രോഗം ഗുരുതരമാകുന്നു; ചികിത്സ നൽകിയില്ലെങ്കിൽ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നേക്കും’

Mail This Article
തിരൂർ ∙ വികസനമെത്താതെ ജില്ലാ ആശുപത്രിയുടെ രോഗം ഗുരുതരമാകുന്നു. ചികിത്സ നൽകിയില്ലെങ്കിൽ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നേക്കും.
തീരദേശത്തെ രോഗികളടക്കമുള്ള ലക്ഷക്കണക്കിനാളുകളുടെ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി. പേരിൽ ജില്ലയുണ്ടെങ്കിലും പഴയ താലൂക്ക് ആശുപത്രിയുടെ രൂപത്തിൽ നിന്ന് ഇനിയും മോചനം ലഭിക്കാത്ത സ്ഥിതിയാണിവിടെ. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ എണ്ണവും പഴയ താലൂക്ക് ആശുപത്രിയിലേതു തന്നെ. ആകെ 73 ഡോക്ടർമാർ വേണ്ട ഇവിടെ 43 പേരാണ് സേവനം നൽകുന്നത്.
ഇതിൽ 3 പേർ ഭരണച്ചുമതലയിലുള്ളവരാണ്. 110 നഴ്സുമാരുടെ തസ്തികയുണ്ടെങ്കിലും പരിചരിക്കാൻ ആകെയുള്ളത് 33 പേർ മാത്രം. മാസം തോറും മുന്നൂറിലേറെ പ്രസവങ്ങൾ നടക്കുന്ന മാതൃശിശു ബ്ലോക്കിലെ കാര്യമാണെങ്കിൽ പരമകഷ്ടമാണ്. ഗൈനക്കോളജി വിഭാഗത്തിലും ശിശുരോഗ വിഭാഗത്തിലും 6 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ഇവിടെയുള്ളത് 3 പേരാണ്. കൂട്ടിരിപ്പിനായി എത്തുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള ഇടവും ഇവിടെയില്ല.
ഇതിനേക്കാൾ പ്രശ്നമാണ് ഈ കെട്ടിടത്തിന്റെ താഴെ കെട്ടിക്കിടക്കുന്ന മലിനജലം. പിറന്നുവീഴുന്ന കുഞ്ഞുങ്ങളും പ്രസവിച്ചു കിടക്കുന്നവരും ഈ മലിനജലത്തിൽ നിന്നുള്ള രോഗഭീതിയിലാണു കഴിയുന്നത്. മലിനജലത്തിന്റെ പ്രശ്നം പരിഹരിക്കാൻ മറ്റൊരിടത്ത് ടാങ്ക് നിർമിക്കാൻ ജില്ലാ പഞ്ചായത്ത് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെങ്കിലും നടപടിയായില്ല. ഇവിടെ നടപ്പാക്കുമെന്ന് വർഷങ്ങൾക്കു മുൻപ് പറഞ്ഞിരുന്ന മാസ്റ്റർ പ്ലാൻ ഇപ്പോഴും കടലാസിൽ ഉറങ്ങുകയാണ്. ജില്ലയുടെ പ്രതീക്ഷയായ ഓങ്കോളജി ബ്ലോക്കിന്റെ പണിയും ഇഴഞ്ഞിഴഞ്ഞാണു പോകുന്നത്.
കൂടാതെ ഇവിടെയെത്തുന്നവർക്ക് വാഹനം നിർത്താനുമിടമില്ല. കഴിഞ്ഞ ദിവസം പ്രസവത്തിനായി എത്തിയവരോടും അവരുടെ കൂട്ടിരിപ്പുകാരോടും ജീവനക്കാർ മോശമായി പെരുമാറിയെന്നു കാണിച്ച് അൻപതോളം പേർ സൂപ്രണ്ടിന് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ രോഗികളും കുറവ് ജീവനക്കാരുമെന്നതാണ് പലപ്പോഴും വാഗ്വാദങ്ങൾക്കു വഴിവയ്ക്കുന്നതെന്നാണു ജീവനക്കാർ പറയുന്നത്.