മൺവിഗ്രഹങ്ങൾ വിരിഞ്ഞിറങ്ങുന്നു, സുബ്രഹ്മണ്യന്റെ കൈവിരലുകളിലൂടെ...
Mail This Article
കോട്ടയ്ക്കൽ∙ പതിനാറാമത്തെ വയസ്സിൽ തുടങ്ങിയതാണ് കണയാംകുന്ന് സുബ്രഹ്മണ്യനും മണ്ണും തമ്മിലുള്ള സൗഹൃദം. അദ്ദേഹത്തിന്റെ മെലിഞ്ഞുനീണ്ട കൈവിരലുകളിലൂടെ ഒട്ടേറെ ആരാധനാമൂർത്തികൾ വിഗ്രഹങ്ങളായി പിറവികൊണ്ടു. വടകര സ്വദേശിയായ സുബ്രഹ്‌മണ്യൻ (48) 9 വർഷമായി ഒതുക്കുങ്ങൽ മറ്റത്തൂരിലാണ് താമസം. അച്ഛനാണ് വിഗ്രഹനിർമാണത്തിൽ ഗുരു. ശിവൻ, ഗണപതി, സരസ്വതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ തുടങ്ങി നൂറിൽപരം വിഗ്രഹങ്ങൾ വിവിധ ക്ഷേത്രങ്ങളിലേക്കായി ഒരുക്കിക്കൊടുത്തു. വിഗ്രഹമുണ്ടാക്കാൻ പ്രത്യേക അച്ച് രൂപപ്പെടുത്തിയിട്ടില്ല.
പടം കാണിച്ചുകൊടുത്താൽ ആവശ്യമായത് തീർത്തുകൊടുക്കും. 15 ദിവസത്തിനും ഒരു മാസത്തിനും ഇടയിൽ സമയമെടുത്താണ് നിർമാണം. മറ്റത്തൂർ വയലിൽ നിന്നാണ് വിഗ്രഹ നിർമാണത്തിനുള്ള മണ്ണെടുക്കുന്നത്. ഭാര്യ ബിന്ദുവിന്റെ സഹായത്താൽ മണ്ണ് പാകപ്പെടുത്തിയെടുക്കും. മലപ്പുറത്തിനു പുറമെ, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നും വിഗ്രഹങ്ങൾക്കു ആവശ്യക്കാർ വരുന്നുണ്ടെന്നു സുബ്രഹ്മണ്യൻ പറയുന്നു.