മൃഗാശുപത്രി മാറ്റണമെന്ന് തുവ്വൂർ പഞ്ചായത്ത്; സൗകര്യങ്ങളില്ലാത്തതിനാൽ മാറ്റാനാവില്ലെന്നു മൃഗസംരക്ഷണ വകുപ്പ്

Mail This Article
തുവ്വൂർ ∙ നിലവിലെ കെട്ടിടത്തിൽനിന്നു മൃഗാശുപത്രി അക്കരക്കുളത്തെ വെറ്ററിനറി സബ് സെന്ററിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടിസ് നൽകി. ആളുകൾ എത്തിപ്പെടാൻ അസൗകര്യമുള്ള വിജനമായ സ്ഥലമായതിനാൽ മാറ്റാനാവില്ലെന്നു മൃഗസംരക്ഷണ വകുപ്പും ക്ഷീര കർഷകരും. 20 വർഷത്തിലേറെയായി മൃഗാശുപത്രി പഞ്ചായത്ത് ഓഫിസിനോടു ചേർന്ന് ഒന്നാം നിലയിലാണ് പ്രവത്തിക്കുന്നത്. പഞ്ചായത്തിൽ ഉദ്യോഗസ്ഥർക്കും മറ്റും ആവശ്യമായ സ്ഥലമില്ലാത്തതിനാലാണ് മൃഗാശുപത്രി മാറ്റാൻ പഞ്ചായത്ത് ആവശ്യപ്പെട്ടത്.
അക്കരക്കുളത്തേക്ക് മാറ്റാനാണ് നിർദേശം. തുവ്വൂരിൽനിന്ന് 3 കിലോമീറ്റർ ഉള്ളിലാണ് അക്കരക്കുളത്തെ സബ് സെന്റർ. സാധാരക്കാർക്ക് ഇവിടേക്ക് ഓട്ടോ വിളിച്ചു പോകുകയല്ലാതെ മറ്റു ഗതാഗത മാർഗമില്ല. പഞ്ചായത്തിൽ ഏകദേശം 300 ക്ഷീര കർഷകരുണ്ട്. ആട്, പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളുമായി ഒട്ടേറെ പേരാണ് മൃഗാശുപത്രിയിൽ ദിനംപ്രതി എത്തുന്നത്. ഇവിടേക്ക് മാറ്റിയാൽ അപേക്ഷ നൽകാൻ പോകുന്നതിനു പോലും കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. ഇതോടെ ആശുപത്രി മാറ്റത്തിനെതിരെ ക്ഷീര കർഷകരും വിവിധ സംഘടനകളും രംഗത്തെത്തി.
തുവ്വൂർ അങ്ങാടിയിൽ കെഎസ്ഇബി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മൃഗാശുപത്രി മാറ്റാൻ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും യോജ്യമല്ലത്തിനാൽ ശ്രമം ഉപേക്ഷിച്ചു.പഞ്ചായത്തിന്റെ സ്ഥലത്താണ് നിലവിലെ കെട്ടിടമെങ്കിലും കെട്ടിടനിർമാണത്തിന് മൃഗ സംരക്ഷണ വകുപ്പാണ് പണം ചെലവഴിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിനാൽ ആശുപത്രി മാറ്റിയാലും കെട്ടിടം പഞ്ചായത്തിന് ഉപയോഗിക്കാനാവില്ലെന്നാണ് അവരുടെ വാദം. മൃഗാശുപത്രി മാറ്റരുതെന്ന് ആവശ്യപ്പെട്ട് ക്ഷീര കർഷകർ ഒപ്പിട്ട നിവേദനം ക്ഷീര സംഘം പ്രസിഡന്റ് എം.രാജീവ് പഞ്ചായത്തിന് നൽകി. ആശുപത്രി തുവ്വൂരിൽനിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ടു സിപിഐ ലോക്കൽ സെക്രട്ടറി മാമ്പ്ര കോയ മന്ത്രി ചിഞ്ചുറാണിക്ക് നിവേദനം നൽകി.