കാലിക്കറ്റ് സർവകലാശാലാ മ്യൂസിയം: അഞ്ചുനില കെട്ടിടങ്ങൾ രണ്ടെണ്ണം കൂടി വരുന്നു
Mail This Article
തേഞ്ഞിപ്പലം ∙ പ്രധാനമന്ത്രി ഉച്ചദാർ ശിക്ഷാ അഭിയാൻ (പിഎം ഉഷ) പദ്ധതിയിൽ കാലിക്കറ്റ് സർവകലാശാലാ മ്യൂസിയം പരിസരത്ത് രണ്ട് 5 നില കെട്ടിടങ്ങൾ ഉയരും. ഒരു 3 നില കെട്ടിടവും പണിയും. പഠനവകുപ്പുകൾക്കുള്ള അക്കാദമിക് സമുച്ചയമാണ് പണിയുന്നത്. ഗവേഷണത്തിന് മികച്ച സൗകര്യമെന്നതും കെട്ടിടം പദ്ധതിയുടെ ലക്ഷ്യമാണ്. 27 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ തുടങ്ങും. പിഎം ഉഷാ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം. 15 കോടി രൂപ മുടക്കി വിദ്യാർഥി ഹോസ്റ്റലിന് കെട്ടിടം നിർമിക്കും.
35 കോടി രൂപ മുടക്കി ശാസ്ത്രോപകരണങ്ങൾ വാങ്ങും. പിഎം ഉഷാ പദ്ധതിയുമായി ബന്ധപ്പെട്ട പർച്ചേസ് നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക സെക്‌ഷൻ തുടങ്ങാനും തീരുമാനമുണ്ട്. 100 കോടി രൂപയുടെ പിഎം ഉഷാ പദ്ധതി ഒന്നര വർഷത്തിനകം നടപ്പാക്കണം. വിശദമായ പദ്ധതിരേഖ ഈ മാസം 10ന് അകം സമർപ്പിക്കാൻ നിർദേശം നൽകി. 50% പദ്ധതികളുടെ സമഗ്ര റിപ്പോർട്ട് ഇതിനകം തയാറാക്കിയത് യോഗത്തിൽ അവലോകനം ചെയ്തു. വിസി ഡോ. പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ പി.കെ.ഖലീമുദ്ദീൻ, എൽ.ജി.ലിജീഷ്, ടി.ജെ.മാർട്ടിൻ, ഡോ. പി.റഷീദ് അഹമ്മദ്, ഡോ. ടി.വസുമതി, ഡോ. കെ.മുഹമ്മദ് ഹനീഫ, പി.പി.പ്രദ്യുമ്നൻ തുടങ്ങിയവർ പങ്കെടുത്തു.