പ്രിയങ്കരം, ഈ പെരുന്നാൾ സമ്മാനം; ബേബി രഹ്നയ്ക്ക് രാഹുൽ ഗാന്ധിയുടെ സമ്മാനം കൈമാറി പ്രിയങ്ക

Mail This Article
വണ്ടൂർ ∙ പോരൂർ വീതനശ്ശേരി ചുള്ളിക്കുളവൻ ബേബി രഹ്നയ്ക്ക് (23) ഇനി ഇടയ്ക്കു നിലച്ച പഠനം തുടരാം. രാഹുൽ ഗാന്ധി എംപി അനുവദിച്ച മുച്ചക്ര സ്കൂട്ടർ ഇന്നലെ പ്രിയങ്ക ഗാന്ധി എംപി രഹ്നയ്ക്കു കൈമാറിയപ്പോളത് ജീവിതത്തിലെ ഏറ്റവും വലിയ ‘പെരുന്നാൾ’ സമ്മാനമായി മാറി.പഠിക്കാൻ മിടുക്കിയായ രഹ്ന 76 ശതമാനം മാർക്കോടെയാണു പ്ലസ്ടു പൂർത്തിയാക്കിയത്. സമീപത്തൊന്നും കോളജ് ഇല്ലാത്തതിനാൽ തുടർന്നു പഠിക്കണമെന്ന ആഗ്രഹം മങ്ങി. ഇലക്ട്രിക് വീൽചെയറിൽ അൽപ ദൂരമൊക്കെ പോകുമെങ്കിലും കോളജിൽ പോകാൻ അതു മതിയാകുമായിരുന്നില്ല. കുറച്ചു കൂടി ദൂരം പോകാൻ കഴിയുന്ന വാഹനം സ്വപ്നമായിരുന്നു. അതാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമായത്.
പ്രവാസിയായ വീതനശ്ശേരി ചുള്ളിക്കുളവൻ ഇബ്രാഹിമിന്റെയും സക്കീനയുടെയും 7 മക്കളിൽ മൂന്നാമത്തെയാളാണു ബേബി രഹ്ന. രണ്ടു കാലുകൾക്കും ജന്മനാ ശേഷി കുറവാണ്. നടക്കാൻ പ്രയാസമുണ്ട്. ചെറിയ ക്ലാസുകളിൽ ഉമ്മയും മൂത്ത സഹോദരിമാരും എടുത്തുകൊണ്ടുപോയാണ് പഠിപ്പിച്ചത്. പിന്നീട് ഇലക്ട്രിക് വീൽചെയറും ഉപയോഗിച്ചു. പ്ലസ്ടു വരെ സമീപത്തെ വിദ്യാലയങ്ങളിൽ പഠിച്ചു. കോളജിൽ പോകണമെന്നും പഠിച്ചു ജോലി നേടണമെന്നും വലിയ ആഗ്രഹമായിരുന്നു. ദൂരമാണു തടസ്സമായത്.മുച്ചക്ര സ്കൂട്ടർ ഓടിക്കാൻ പരിശീലിച്ച ശേഷം പഠനം തുടരാനാണ് ബേബി രഹ്നയുടെ തീരുമാനം.