മതിലും ഗേറ്റും തകർത്ത് പിക്കപ്പ് വാൻ വീട്ടുമുറ്റത്തേക്ക്; അദ്ഭുതകരമായി രക്ഷപ്പെട്ട് കുട്ടികൾ - വിഡിയോ

Mail This Article
വണ്ടൂർ∙ നിയന്ത്രണംവിട്ട വാൻ മതിലും ഗേറ്റും തകർത്തു വീട്ടുമുറ്റത്തേക്കു പാഞ്ഞുകയറി. ഗേറ്റിനു സമീപവും വീടിന്റെ പൂമുഖത്തും ഉണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തിനു വാണിയമ്പലം വൈക്കോലങ്ങാടി പൂനാരി സുഹറയുടെ വീട്ടുമുറ്റത്തേക്കാണു വാൻ പാഞ്ഞുകയറിയത്. വണ്ടൂർ–കാളികാവ് റോഡിൽ പണി നടക്കുകയായിരുന്നു.
നിയന്ത്രണംവിട്ട വാൻ, ജോലിക്കാരെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയതെന്നു പറയുന്നു. ഈ സമയം വീടിന്റെ പൂമുഖത്തു രണ്ടു കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റിനു സമീപവും കുട്ടികളുണ്ടായിരുന്നു. മതിലിന്റെ കല്ലു തെറിച്ചു മുറ്റത്തു മുഴുവൻ ചിതറിവീണു. വീട്ടിലുണ്ടായിരുന്നവർ ഭയന്നു കുട്ടികളെ തിരഞ്ഞു. വാഹനത്തിന്റെ ഡ്രൈവറും ഓടിക്കൂടിയവരുമാണു കുട്ടികൾ അപകടത്തിൽപെട്ടിട്ടില്ലെന്ന കാര്യം വീട്ടുകാരെ അറിയിച്ചത്.