വരകളുടെ വർണവിസ്മയം തീർത്ത് മാനസ കല്യാൺ

Mail This Article
മുംബൈ ∙ സ്വർണം കൊണ്ടു ചരിത്രമെഴുതിയ കല്യാൺ ജ്വല്ലേഴ്സ് കുടുംബത്തിൽ നിന്ന് വർണം കൊണ്ടു വിസ്മയം തീർക്കുകയാണ് മാനസ. കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമന്റെ മകൾ മാനസയുടെ ചിത്രപ്രദർശനമായ ‘കലിയുഗ്’ മുംബൈ നരിമാൻ പോയിന്റിലെ ബജാജ് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. എഴുത്തുകാരിയും അമിതാഭ് ബച്ചന്റെ മകളുമായ ശ്വേത ബച്ചൻ നന്ദ ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയും സ്ത്രീയുമാണ് പ്രദർശനത്തിലുള്ള ചിത്രങ്ങളുടെ പൊതുപ്രമേയം. തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ മാനസ നാലാം വയസ്സു മുതലാണ് ചിത്രങ്ങളോട് കൂട്ടുകൂടിത്തുടങ്ങിയത്.
കലാ അധ്യാപകനും ചിത്രകാരനുമായ ഷൈൻ കരുണാകരന്റെ കീഴിൽ ചിത്രരചനാ പഠനം തുടങ്ങിയതോടെയാണ് ജീവിതച്ചിത്രം മാറിയത്. മാനസ വരയ്ക്കുന്നതിൽ കൂടുതലും അക്രിലിക് ചിത്രങ്ങളാണ്. ‘കലിയുഗ്’ പ്രദർശനം നേരത്തേ തൃശൂർ ലളിത കലാ അക്കാദമിയിലും ബെംഗളൂരുവിലും നടത്തിയിരുന്നു. ആദ്യ 2 പ്രദർശനങ്ങളിലും പ്രശംസ നേടാനായത് ചിത്രകലയുടെ വലിയ കാൻവാസായ മുംബൈയിൽ പ്രദർശനം നടത്താൻ ഉൗർജമായെന്ന് മാനസ പറഞ്ഞു.
ഉപയോഗിച്ചിരിക്കുന്ന നിറങ്ങളുടെ ചാരുതയും ഭാവങ്ങളുടെ ആഴവും ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നു. ചിത്രങ്ങളുടെ വിൽപനയിൽ നിന്നു ലഭിക്കുന്ന തുക അക്ഷയ പത്ര ഫൗണ്ടേഷന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് കൈമാറും. ഫൗണ്ടേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ബാലാജി, ചിത്രകാരി മാനസ കല്യാൺ, രാജേഷ് കല്യാണരാമൻ എന്നിവർ പ്രസംഗിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. 9ന് സമാപിക്കും.