മഴയ്ക്കൊപ്പം ശക്തിപ്രാപിച്ച് പകർച്ചവ്യാധികളും; ജാഗ്രത
Mail This Article
ന്യൂഡൽഹി ∙ പനി പലതുണ്ട്. വൈറൽപനി, ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി, എച്ച്1എൻ 1, മലേറിയ... ഇതിനു പുറമേ മഞ്ഞപ്പിത്തവും വയറിളക്കവും തുടങ്ങിയ ജലജന്യ രോഗങ്ങളും. ഡെങ്കിപ്പനിയും എലിപ്പനിയുമാണു പനികളിൽ ഭീകരർ. രണ്ടു ദിവസമായി ഇടവിട്ടു പെയ്യുന്ന മഴയിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതോടെ ഡെങ്കിപ്പനി വ്യാപകമായേക്കുമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പു നൽകുന്നു. ഈ വർഷം സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 8 പേർ. മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാൻ ഇടയാകുകയും രോഗം പരത്തുകയും ചെയ്യും.
മലേറിയ ബാധിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയായി. 2023ൽ ഡൽഹിയിൽ 402 പേർക്ക് മലേറിയ സ്ഥിരീകരിച്ചപ്പോൾ ഈ വർഷം ഇതുവരെ 784 പേരാണ് മലേറിയയുടെ പിടിയിലായത്. 2022ൽ 258 പേർക്കുമാത്രമാണ് മലേറിയ പിടിപെട്ടത്. ശുദ്ധജലത്തിൽ വളരുന്ന അനോഫിലസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. എച്ച്1എൻ 1 കേസുകളിലും വലിയ വർധനയുണ്ടായി. 2023ൽ 53 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇന്നലെവരെ 259 പേർക്ക് എച്ച്1എൻ 1 ബാധിച്ചു.
കൊതുക് നിസ്സാരക്കാരനല്ല
പനിക്കേസുകളിലെ ഒന്നാം പ്രതി കൊതുകാണ്. ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ ഡിസംബർ 24 വരെ 6,287 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. സൗത്ത് ഡൽഹിയിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്, 768 പേർക്ക് പനി ബാധിച്ചു.
‘ഡെങ്കി പ്രതിരോധത്തിന് ഉറവിട നശീകരണം’
കുറച്ചുകാലത്തെ വെയിലിനുശേഷം വീണ്ടും മഴ പെയ്തതോടെ പതുങ്ങിക്കിടന്നിരുന്ന രോഗാണുക്കൾ സജീവമാകുന്നു. ഡെങ്കി രണ്ടാമതും വരുമ്പോഴാണു കൂടുതൽ അപകടകാരി. ഡെങ്കി ബാധിതരിൽ 40% പേർക്കു രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരിൽ അസുഖത്തിന്റെ തീവ്രത കൂടും.
കൊതുകിന്റെ ഉറവിട നശീകരണമാണു ഡെങ്കി പ്രതിരോധത്തിൽ പ്രധാനം. എല്ലാ ആഴ്ചയിലും വീടും പരിസരവും ശുചീകരിക്കാനും കൊതുകു വളരാനുള്ള സാഹചര്യം ഇല്ലാതാക്കാനും ശ്രദ്ധിക്കണം. ഡെങ്കി കൊതുകുകൾക്കു പരമാവധി 500 മീറ്ററേ സഞ്ചരിക്കാനാകൂ. നമുക്കു ചുറ്റുമുള്ള കൊതുകു തന്നെയാണു നമ്മളെ കടിക്കുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
∙ കൊതുകുകൾ വളരുന്നത് പരമാവധി തടയുക
∙ വീടിനുചുറ്റുമുള്ള പ്രദേശത്ത് വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക, പാത്രങ്ങൾ, ചെടിച്ചട്ടികൾ , ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക
∙ ഫുൾ സ്ലീവ് കയ്യുറകളും കാലുറകളും ധരിക്കുക, കിടപ്പുമുറികളിൽ കൊതുകു വലകൾ ഉപയോഗിക്കുക
∙ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക
∙ പനിക്കു സ്വയം ചികിത്സ വേണ്ട. ചികിത്സ തേടുക. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം മരുന്നുകൾ കഴിക്കുക
(വിവരങ്ങൾ: ഡോ. ഷോല ചിത്രൻ, മെഡിക്കൽ ഓഫിസർ ഇൻ ചാർജ്, ഡൽഹി ആരോഗ്യവകുപ്പ്)