തലസ്ഥനത്തിന്റെ തലയെടുപ്പ് കൂട്ടാൻ ഒരു ലക്ഷം കോടിയുടെ പദ്ധതികൾ

Mail This Article
ന്യൂഡൽഹി ∙ വികസനക്കുതിപ്പുകൾക്ക് ഒരു ലക്ഷം കോടി രൂപ വകയിരുത്തി ‘വികസിത് ഡൽഹി’ ലക്ഷ്യവുമായി നിലവിലെ ബിജെപി സർക്കാരിന്റെ കന്നി ബജറ്റ് മുഖ്യമന്ത്രി രേഖ ഗുപ്ത അവതരിപ്പിച്ചു. ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ചും വികസനത്തിലേക്കു വിരൽചൂണ്ടിയുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. വനിത ശാക്തീകരണം, അടിസ്ഥാനസൗകര്യ വികസനം, ജലവിതരണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളുടെ വികസനത്തിന് ബജറ്റിൽ ഊന്നൽ നൽകി.

അഴിമതിയിൽനിന്ന് ഡൽഹിയെ മോചിപ്പിച്ച് ലോകം അമ്പരപ്പോടെ നോക്കിക്കാണുന്ന നഗരമാക്കി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വനിതകൾക്കുള്ള ധനസഹായത്തിനും സുരക്ഷയ്ക്കും കൂടുതൽ തുക വകയിരുത്തി. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം നടത്തിയെന്ന എഎപിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്. എന്നാൽ, ബിജെപി സർക്കാർ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും എഎപി സർക്കാർ ഡൽഹിയിൽ നടപ്പാക്കാതിരുന്ന ആയുഷ്മാൻ ഭാരത് പദ്ധതി ബിജെപി അധികാരത്തിലെത്തിയ ഉടൻ നടപ്പാക്കി. സംസ്ഥാന സർക്കാർ ഇതിനായി കൂടുതൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, അടിസ്ഥാനരഹിതവും യാഥാർഥ്യങ്ങൾക്കു നിരക്കാത്തതുമായ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് അതിഷിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ പുകമറയിൽ നിന്നാണ് ഡൽഹി ബജറ്റും അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിനു മുന്നോടിയായുള്ള സാമ്പത്തിക സർവേ സർക്കാർ സഭയിൽ വച്ചില്ല. ഒരു ലക്ഷം കോടി രൂപ വിനിയോഗിക്കാൻ സർക്കാരിന്റെ പക്കലുണ്ടെങ്കിൽ സർവേ പുറത്തുവിടാൻ ഭയക്കുന്നതെന്തിനാണെന്നും അതിഷി ചോദിച്ചു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആദ്യമായാണ് ബജറ്റിൽ വിദ്യാഭ്യാസമേഖല ഇത്രയേറെ അവഗണിക്കപ്പെടുന്നതെന്നും അതിഷി പറഞ്ഞു.