മംഗലംഡാം തുറക്കാൻ സാധ്യത; ജാഗ്രതാ മുന്നറിയിപ്പു നൽകി

Mail This Article
മംഗലംഡാം ∙ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മംഗലംഡാം അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. നിലവിലെ ജലനിരപ്പ് 77.30 മീറ്റർ ആണ്. ഇത് റെഡ് അലർട്ടിനു സമാനമാണ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനക്കുകയും ജലനിരപ്പ് 77.50 മീറ്റർ ആകുന്ന പക്ഷം ഏതു സമയത്തും മംഗലംഡാം അണക്കെട്ടു തുറന്നു വെള്ളം പുഴയിലൂടെ ഒഴുക്കാൻ സാധ്യതയുണ്ടെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും ജലസേചന വകുപ്പ് മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ലെസ്‌ലി വർഗീസ് അറിയിച്ചു. 77.88 മീറ്റർ സംഭരണശേഷിയുള്ള മംഗലംഡാം അണക്കെട്ടിലെ ജലനിരപ്പ് 77.50 മീറ്റർ ആയി നിലനിർത്താനാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്കും ആശ്വാസം
മംഗലംഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ രണ്ടാം വിള കൃഷിക്കും ആശ്വാസമാകും. കാലവർഷം ദുർബലമായതോടെ ഒന്നാം വിള കൃഷിയിറക്കിയ പാടങ്ങളിൽ വെള്ളമില്ലാതെ വരണ്ടുണങ്ങുന്ന സാഹചര്യത്തെ തുടർന്ന് ഇടതു വലതു കര കനാലുകൾ ഒരു മാസത്തോളം തുറന്നു വിട്ടിരുന്നു.
ഇതോടെ രണ്ടാം വിളയ്ക്കു വെള്ളം ലഭിക്കില്ലെന്ന ആശങ്കയിലായിരുന്നു കർഷകർ. വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കുകയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വർധിച്ചു ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ സാധാരണ പോലെ രണ്ടാം വിളയ്ക്കുള്ള വെള്ളം നൽകാനാകുമെന്ന പ്രതീക്ഷയിലാണു ജലസേചന വകുപ്പും.