ADVERTISEMENT

മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ സ്ഥാപിച്ച പുതിയ ഷട്ടറുകളുടെ ട്രയൽ റൺ അടുത്തയാഴ്ച നടത്താനൊരുങ്ങി തമിഴ്നാട് ജലസേചന വകുപ്പ്. നിലവിൽ രണ്ടു ഷട്ടറുകളും സ്ഥാപിച്ച് അതിന്റെ പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്.    ഡാമിലെ വെള്ളം നിൽക്കുന്ന ഷട്ടറിന്റെ ഭാഗത്തെ പെയിന്റിങ്ങും നടത്തി. ഷട്ടർ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനുള്ള സംവിധാനത്തിൽ ഗ്രീസിടൽ, വൈദ്യുതീകരണത്തിലെ അവസാന ഘട്ട മിനുക്കു പണികൾ എന്നിവയാണ് ഇനി പ്രധാനമായും അവശേഷിക്കുന്നത്.

മേയ് അവസാനം മുതൽ പകൽ സമയത്തും പറമ്പിക്കുളം മേഖലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ വേഗം കുറച്ചിട്ടുണ്ട്. എങ്കിലും പണികൾ വേഗത്തിൽ പൂർത്തിയാക്കി ഈ മാസം പതിനെട്ടിനോ അതിന്റെ അടുത്ത ദിവസങ്ങളിലോ ട്രയൽ റൺ നടത്തുകയാണു തമിഴ്നാട് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ഇതിനു മുന്നോടിയായി തമിഴ്നാട് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു. 

24.15 കോടി രൂപ ചെലവിട്ടു മാറ്റി സ്ഥാപിക്കുന്ന പറമ്പിക്കുളം അണക്കെട്ടിലെ 1, 3 ഷട്ടറുകളുടെ എല്ലാതരം പ്രവൃത്തികളും ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണു വേഗത്തിൽ നടത്തുന്നത്. അന്തിമ ഘട്ട പണികൾക്കിടെ അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നതിനു തടസ്സമില്ലെന്നാണു തമിഴ്നാടിന്റെ വിലയിരുത്തൽ. പുതിയ ഷട്ടറുകൾക്കു പുറമേ ഫാബ്രിക്കേഷൻ, ഷട്ടർ 1, 3 എന്നിവ സ്പിൽവേയ്ക്കായി ഉയർത്തുന്ന ആധുനിക ക്രമീകരണം, അറ്റകുറ്റപ്പണികൾ, പറമ്പിക്കുളം ടണൽ എൻട്രി ഷട്ടറുകളിൽ പുനഃക്രമീകരണം എന്നിവയാണു പ്രധാനമായും നടത്തിയിട്ടുള്ളത്. 

കൗണ്ടർ വെയ്റ്റ് ബീമുകൾ, ഷട്ടറുകളുമായി ബന്ധപ്പെട്ട ചങ്ങലകൾ എന്നിവയെല്ലാം പുതിയതു സ്ഥാപിച്ചു. 2022 സെപ്റ്റംബർ 21നു പുലർച്ചെ പറമ്പിക്കുളം അണക്കെട്ടിലെ മൂന്നു സ്പിൽവേ ഷട്ടറുകളിൽ നടുവിലെ ഷട്ടർ തകർന്നിരുന്നു. കാലപ്പഴക്കം മൂലം ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന ചങ്ങല പൊട്ടിയതാണ് അന്നു തകർച്ചയ്ക്കു കാരണമായത്. തുടർന്നു 7.2 കോടി ചെലവിട്ടു തകർന്ന നടുവിലെ ഷട്ടർ മാറ്റി പുതിയ ഷട്ടർ സ്ഥാപിച്ചു. അതിന്റെ തുടർച്ചയായാണു മറ്റു രണ്ടു ഷട്ടറുകളും മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com