പന്തലാംപാടം പെട്രോൾ പമ്പിൽ നിന്ന് അര ലക്ഷം രൂപ കവർന്നു

Mail This Article
വടക്കഞ്ചേരി ∙ ദേശീയപാത പന്തലാംപാടത്ത് പെട്രോൾ പമ്പിൽ കവർച്ച. അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. പന്തലാംപാടം ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ 12.50നാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ബൈക്കുമായി പമ്പിലെത്തിയ മോഷ്ടാക്കൾ ജീവനക്കാർ ഉറങ്ങുന്നത് കണ്ട് ജീവനക്കാരുടെ സമീപത്തുവച്ചിരുന്ന പണം സൂക്ഷിച്ച ബാഗുമായി കടന്നു കളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പാലക്കാട് ദിശയിലേക്കാണ് മോഷ്ടാക്കൾ കടന്നത്. വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ബാഗിൽ 48,380 രൂപ ഉണ്ടായിരുന്നതായി പമ്പിലെ ജീവനക്കാർ പറഞ്ഞു.
പമ്പിലെ സിസിടിവി ദ്യശ്യങ്ങളിൽ നിന്നും മോഷണം നടത്തിയവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നു കവർന്നതാണെന്ന് കണ്ടെത്തി. എറണാകുളം എളമക്കര നടക്കാപറമ്പിൽ എൻ.യാദവിന്റെ ഉടമസ്ഥതയിലുള്ളതാണ് മോഷ്ടിച്ച ബൈക്ക്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.