ADVERTISEMENT

റാന്നി ∙ കേന്ദ്ര സർക്കാരിന്റെ ഹരിത ചട്ടം പാലിച്ചുള്ള സംസ്ഥാനത്തെ ആദ്യ ബഹുനില കെട്ടിടം റാന്നിയിൽ ഉയരാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയും ക്വാർട്ടേഴ്സും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ കൂടി പൊളിച്ചു നീക്കിയാൽ കോടതി സമുച്ചയം നിർമിക്കുന്നതിനുള്ള അവസാന തടസ്സവും നീങ്ങും. 7 നിലകളോടെയാണു കോടതി സമുച്ചയം നിർമിക്കുന്നത്. 4,469 ചതുരശ്ര മീറ്ററാണു വിസ്തൃതി. നിർമാണത്തിന് 18 കോടി രൂപയാണ് കിഫ്ബി ആദ്യം അനുവദിച്ചത്. ഹരിത ചട്ടം അനുസരിച്ചു നിർമാണം നടത്തുന്നതിന് എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ തുക 23.50 കോടി രൂപയായി ഉയർന്നു. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെയുള്ള എസ്റ്റിമേറ്റ് തുകയാണിത്. ഹരിത ചട്ടം പാലിക്കുന്നതിന് ഗ്രിഹയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ബിൽ‌ഡിങ് കമ്മിറ്റി അംഗീകരിച്ച പ്ലാൻ അനുസരിച്ചാണു നിർമാണം. 

വിശാലമായ പാർക്കിങ്

താഴത്തെ നില പൂർണമായും പാർക്കിങ്ങിനാണ്. ഒന്നാം നിലയിൽ 14 നാലു ചക്ര വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കും. 891 ചതുരശ്ര മീറ്റർ സ്ഥലമാണ് പാർക്കിങ്ങിനായി സജ്ജമാക്കുക. കൂടാതെ ഒന്നാം നിലയിൽ തൊണ്ടി മുറി, ജഡ്ജിമാരുടെ ലോബി, പൊലീസിനുള്ള മുറി എന്നിവയും ക്രമീകരിക്കും. രണ്ടാം നില ബാർ അസോസിയേഷൻ, അഡ്വക്കേറ്റ്സ് ക്ലാർക്ക് അസോസിയേഷൻ, ജഡ്ജസ് ലോബി, വനിത അഭിഭാഷകരുടെ മുറി, കന്റീൻ, വിശ്രമ സൗകര്യം എന്നിവയ്ക്കാണ്. ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ശുചിമുറികളും ഇവിടെയുണ്ടാകും. പബ്ലിക് പ്രോസിക്യൂട്ടർ, ജുഡീഷ്യൽ സേവന കേന്ദ്രം എന്നിവയും ഇവിടെയാണു പ്രവർത്തിക്കുക.

3–ാം നിലയാണ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിക്കായി നീക്കിവച്ചിരിക്കുന്നത്. ജഡ്ജസ് ലോബി, ചേംബർ, സ്റ്റെനോ, വിശ്രമ സൗകര്യം, സ്റ്റോർ, റജിസ്ട്രേഷൻ, ഓഫിസ്, ജീവനക്കാർക്കുള്ള വിശ്രമ സൗകര്യം, ലൈബ്രറി എന്നിവ ഇവിടെ സജ്ജമാക്കും. നാലാം നില മുൻസിഫ് കോടതിക്കായിട്ടാണ്. കോടതി ഹാൾ, മുൻസിഫ് ലോബി, ചേംബർ, സ്റ്റോർ, ഓഫിസ്, റജിസ്ട്രേഷൻ രേഖകൾ സൂക്ഷിക്കാനുള്ള മുറി എന്നിവയെല്ലാം ഇവിടെ ഒരുക്കും. 5–ാം നില റാന്നിയിൽ അനുവദിക്കാനിടയുള്ള കോടതിക്കായിട്ടാണ്. അവിടെയും മറ്റു കോടതികളിലെ പോലെ സംവിധാനമൊരുക്കും. 6–ാം നിലയിൽ ലീഗൽ സർവീസസ് അതോറിറ്റി, മീഡിയേഷൻ കേന്ദ്രം, കോൺഫറൻസ് ഹാൾ, സ്റ്റോർ, വിശ്രമ സൗകര്യം, സിസിടിവി കൺ‌ട്രോൾ, സെക്യൂരിറ്റി എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു. എല്ലാ നിലകളിലും ശുചിമുറികളും ക്രമീകരിക്കും. ജനങ്ങൾക്കുള്ള പ്രത്യേക ശുചിമുറികളുമുണ്ടാകും. 

മേൽക്കൂരയും പ്രയോജനപ്പെടുത്തും

2 ലിഫ്റ്റുകളും 2 പടിക്കെട്ടുകളും സമുച്ചയത്തിലുണ്ട്. മേൽക്കൂരയിൽ ലിഫ്റ്റ് യന്ത്ര മുറി, ഫർണിച്ചർ സ്റ്റോർ, അഗ്നി രക്ഷാസേനയ്ക്കായി 20,000 ലീറ്റർ ശേഷിയുള്ള ജല സംഭരണി, 30,000 ലീറ്റർ ശേഷിയുള്ള ഓവർ ഹെഡ് സംഭരണി എന്നിവ നിർമിക്കും. കോടതി സമുച്ചയം നിർമിക്കുന്നതിനു മുന്നോടിയായി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മിനി സിവിൽ സ്റ്റേഷനിലെ ഒന്നാം ബ്ലോക്കിലേക്കു മാറ്റി സ്ഥാപിച്ചു. സംസ്ഥാന കൺസ്ട്രക്‌ഷൻ കോർപറേഷനാണ് കോടതി സമുച്ചയത്തിന്റെ നിർമാണ ചുമതല. കോടതി സ്ഥലം അവർക്കോ പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിനോ കൈമാറിയാൽ ഉടനെ കോടതിയും ക്വാർട്ടേഴ്സും പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ലേലം ചെയ്തു വിൽക്കും. തുടർന്ന് നിർമാണം കരാർ ചെയ്യും. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കാനാണു കോർപറേഷൻ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com