പിറന്നാൾ ആഘോഷിക്കേണ്ട വീട് സങ്കടക്കടലിൽ; വ്യാഴാഴ്ച അവർ വിടപറയും, ഒരുമിച്ച്
Mail This Article
കോന്നി ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിൽ മരിച്ച നവദമ്പതികളുടെയും അവരുടെ അച്ഛൻമാരുടെയും സംസ്കാരം വ്യാഴാഴ്ച. അന്നു രാവിലെ 8 മുതൽ 12.30 വരെ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്കാരം. കാനഡയിൽ ക്വാളിറ്റി ടെക്നീഷ്യനായ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ (65), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മലേഷ്യയിൽ ഹണിമൂൺ ട്രിപ്പിനു ശേഷം മടങ്ങിയ നിഖിലിനെയും അനുവിനെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കൂട്ടിക്കൊണ്ടു വരുന്ന വഴിയിലാണ് കാർ നിയന്ത്രണം വിട്ടു ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസിലേക്ക് ഇടിച്ചുകയറിയത്. പള്ളിയിലേക്കു കൊണ്ടു പോകുന്നതിനു മുൻപ് രാവിലെ വീടുകളിലേക്കു മൃതദേഹങ്ങൾ എത്തിക്കും. അനുവിന്റെ മൃതദേഹം ജന്മവീട്ടിൽ കൊണ്ടുവന്നതിനു ശേഷം നിഖിലിന്റെ വീട്ടിലേക്കു കൊണ്ടുപോകും. കുവൈത്തിലായിരുന്ന നിഖിലിന്റെ സഹോദരി നിത ഇന്നലെ നാട്ടിലെത്തി. അനുജന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം കഴിഞ്ഞയാഴ്ചയാണ് നിത കുവൈത്തിലേക്കു പോയത്.
ഓർമകളിൽ തേങ്ങി ബിജുവിന്റെ പിതാവ്
കോന്നി ∙ അനുവിന്റെ വീടിനോടു ചേർന്നുള്ള കുടുംബവീടിന്റെ വരാന്തയിലെ കസേരയിൽ നെഞ്ചു തകർന്ന് ഒരു മനുഷ്യൻ ഇരിപ്പുണ്ട്. ആശ്വസിപ്പിക്കാനെത്തുന്ന ബന്ധുക്കളോടും നാട്ടുകാരോടും മകൻ ബിജുവിനെയും കൊച്ചുമകൾ അനുവിനെയും പറ്റിയുള്ള ഓർമകൾ പറഞ്ഞു വിലപിക്കുകയാണ് പിതാവായ ജോർജ്. മക്കളുടെ മരണം ജോർജിനുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. ജോർജിന് താങ്ങും തണലുമായിരുന്നു രണ്ടാമത്തെ മകനായ ബിജുവും മരുമകൾ നിഷയും. കൊച്ചുമകളുടെ ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന വീട് ശോകമൂകമാണ്. ബിജുവും കുടുംബവും നാട്ടുകാരുമായി നല്ല സഹകരണത്തിലായിരുന്നു.
എല്ലാവരോടും വിനയത്തോടെയുള്ള പെരുമാറ്റം. ഇടവകക്കാരോടും നാട്ടുകാരോടും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ബിജു. 3 ആൺമക്കളാണ് ജോർജിന്. കുമ്പഴയിൽ താമസിക്കുന്ന മൂത്തമകൻ ജോമോൻ ജോർജ് കുടുംബത്തിനുണ്ടായ ദുരന്തത്തിൽ തകർന്ന അവസ്ഥയിലാണ്. ഇളയ മകൻ ജോബി അപകടവിവരമറിഞ്ഞ് ഇന്നലെയാണ് വിദേശത്തു നിന്നു നാട്ടിലേക്കെത്തിയത്. ആരോഗ്യ പ്രശ്നങ്ങളുള്ള അനുവിന്റെ അമ്മ നിഷയ്ക്ക് ഇനി ഏക ആശ്രയം ബിസിഎ വിദ്യാർഥിയായ ഇളയ മകൻ ആരോണാണ്. ബിജുവിന്റെ ഇളയ സഹോദരൻ ജോബി ജോർജ് ഷാർജയിൽനിന്ന് ഇന്നലെ വൈകിട്ട് വീട്ടിലെത്തി.
പിറന്നാൾ ആഘോഷിക്കേണ്ട വീട് സങ്കടക്കടലിൽ
കോന്നി ∙ ബിജുവിനും നിഷയ്ക്കും അനുവിനെ ദൈവം സമ്മാനിച്ചത് 25 വർഷം മുൻപുള്ള ഡിസംബർ 16നാണ്. ആരോണിന്റെയും അനുവിന്റെയും സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബിജു മകളുടെ പിറന്നാൾ ആഘോഷമാക്കുമായിരുന്നു. പിറന്നാൾ ദിനത്തിൽ അനുവിനു സമ്മാനവുമായി നിഖിൽ എത്തിയിരുന്നു. വിദേശത്തായിരുന്നപ്പോഴും പ്രിയതമയുടെ ജന്മദിനം നിഖിലിനു ഏറെ പ്രിയപ്പെട്ട ദിവസമായിരുന്നു. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാക്കാനിരുന്നതാണ് നിഖിൽ. ഈ മാസം 27നാണ് നിഖിലിന്റെ പിറന്നാൾ.