മണക്കയം–അള്ളുങ്കൽ വഴി കോട്ടമൺപാറ റൂട്ട്: വനസൗന്ദര്യം ആസ്വദിക്കാൻ യാത്രക്കാരുടെ തിരക്ക്

Mail This Article
സീതത്തോട് ∙ വനസൗന്ദര്യം ആസ്വദിച്ച് കാട്ടുപാതയിൽ കൂടി മണക്കയം–അള്ളുങ്കൽ വഴി കോട്ടമൺപാറ റൂട്ടിൽ യാത്രക്കാരുടെ തിരക്കേറുന്നു. ദിവസവും നൂറ് കണക്കിനു യാത്രക്കാരാണ് ഇതു വഴി സീതത്തോട്ടിലും കോട്ടമൺപാറയിലും ആങ്ങമൂഴിയിലും എത്തുന്നത്. കോന്നിയിൽ നിന്ന് ഇതു വഴി എത്തിയ കെഎസ്ആർടിസി ഉല്ലാസയാത്ര ബസിനു അള്ളുങ്കൽ നിവാസികൾ സ്വീകരണം നൽകി. റോഡ് നവീകരണം മരാമത്ത് വിഭാഗം ഏറ്റെടുക്കണമെന്നാവശ്യവും ഉയരുന്നു.മണക്കയം പാലത്തിനു സമീപത്തു നിന്നാരംഭിച്ച് കക്കാട്ടാറിന്റെ തീരത്തു കൂടി രാജാമ്പാറ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനത്തിലൂടെ പോകുന്ന പാത അള്ളുങ്കൽ വനാതിർത്തിയിലാണ് അവസാനിക്കുന്നത്. ഏകദേശം 3 കിലോമീറ്ററോളം വരുന്ന പാതയുടെ പകുതി ഭാഗം വനത്തിലൂടെയാണ്.
കിഴക്കൻ മേഖലയിലെ ആദ്യകാല റോഡുകളിൽ ഒന്നായിരുന്നു മണക്കയം–അള്ളുങ്കൽ വഴി കോട്ടമൺപാറ റോഡ്. ഒരു കാലഘട്ടത്തിൽ കക്കാട്ടാറിന്റെ മറുകരയിലുള്ളവരെ പുറം ലോകവുമായി ബന്ധിച്ചിരുന്ന ഏക റോഡ് ഇതായിരുന്നു.സീതത്തോട്–ആങ്ങമൂഴിയിലേക്കു പുതിയ റോഡുകൾ വന്നതിനൊപ്പം കക്കാട് പാലവും പൂർത്തിയായതോടെ മണക്കയം– അള്ളുങ്കൽ റോഡിന്റെ പ്രശസ്തി കുറഞ്ഞു. പണ്ട് കക്കാട്ടാറ്റിൽ ജല നിരപ്പ് ഉയരുമ്പോൾ ചിറ്റാർ തോട്ടത്തിനു സമീപം കക്കാട്ടാറിനു കുറുകെ ഉണ്ടായിരുന്ന കമ്പി പാലം വഴിയായിരുന്നു അള്ളുങ്കൽ, മൂന്നുകല്ല്, കോട്ടമൺപാറ, ആങ്ങമൂഴി പ്രദേശത്തുള്ളവർ മറുകര കടന്നിരുന്നത്.

സീതത്തോട് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചതോടെ സീതക്കുഴി ചുറ്റിയാണ് വാഹനങ്ങൾ മറുകരയിൽ എത്തുന്നത്. ഇതോടെ മണക്കയം–അള്ളുങ്കൽ റോഡിന്റെ ആവശ്യം വീണ്ടും ഉയർന്നു. ഏറെ ദുർഘടമായ ഭാഗത്ത് വർഷങ്ങൾക്കു മുൻപ് കോൺക്രീറ്റ് അടക്കം ചെയ്തിരുന്നെങ്കിലും വാഹന ഗതാഗതം ഇല്ലാതിരുന്നതിനാൽ കാട് മൂടിയ അവസ്ഥയിലായിരുന്നു. സ്ഥലവാസികളുടെ നേതൃത്വത്തിൽ ശ്രമദാനമായി ഈ റോഡ് പുനരുദ്ധീകരിച്ചതോടെ ദിവസവും നിരവധി വാഹനങ്ങളാണ് ഇതു വഴി എത്തുന്നത്.
വനഭാഗത്ത് മതിയായ വീതിയും കാര്യമായ മറ്റ് തടസ്സങ്ങളും ഇല്ലാത്തതിനാൽ മരാമത്ത് വകുപ്പ് അടക്കമുള്ള ആരെങ്കിലും റോഡ് ഏറ്റെടുത്ത് ഉന്നത നിലവാരത്തിൽ റോഡ് നിർമിക്കണമെന്നാണ് അള്ളുങ്കൽ, കോട്ടമൺപാറ നിവാസികളുടെ ആവശ്യം. കോന്നി, റാന്നി മണ്ഡലങ്ങളെ തമ്മിൽ ബന്ധിക്കുന്ന റോഡായതിനാൽ ഇരു മണ്ഡലത്തിലേയും എംഎൽഎമാരും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ ഫണ്ട് അനുവദിച്ചാൽ ശബരിമലയുടെ സമാന്തര പാതയായി ഇതിനെ ഉയർത്താനാകും. ഈ റോഡിലൂടെയുള്ള യാത്രയ്ക്കിടെ അള്ളുങ്കൽ ഇഡിസിഎൽ സ്വകാര്യ ജല വൈദ്യുത പദ്ധതി കാണാനാകും. ഈ പ്രദേശത്തെ ടൂറിസത്തിന്റെ സാധ്യതകൾ കണക്കിലെടുത്ത് വിപുലമായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കാൻ പോകുന്നത്.
അള്ളുങ്കൽ–മണക്കയം റോഡിന് ഒരു കോടി അനുവദിച്ചു
അള്ളുങ്കൽ–മണക്കയം റോഡിനു ഒരു കോടി രൂപ അനുവദിച്ചതായി കെ.യു ജനീഷ്കുമാർ എംഎൽഎ അറിയിച്ചു. ചിറ്റാർ, പെരുനാട് പഞ്ചായത്തുകളുടെ അതിർത്തിയായ മണക്കയം പാലം മുതൽ അള്ളുങ്കൽ വരെയുള്ള 4.2 കിലോമീറ്റർ ദൂരം സഞ്ചാരയോഗ്യമാക്കുകയാണ് ലക്ഷ്യം. ആവശ്യമായ സ്ഥലത്ത് സംരക്ഷണ ഭിത്തിയും കലുങ്കും നിർമിക്കും.നിർദിഷ്ട റോഡ് നവീകരിക്കുന്നതോടെ കക്കാട് പദ്ധതിയിൽ നിന്നു 6.1 കിലോമീറ്റർ സഞ്ചരിച്ചാൽ മണക്കയം പാലത്തിനു സമീപം എത്താം. ഇന്നലെ ഈ റോഡിലൂടെ എത്തിയ ഉല്ലാസ യാത്ര ബസിനെ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രമോദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.