ബക്കറ്റിൽ മത്സ്യം വരെ കൈക്കൂലി, അമരവിള ചെക്പോസ്റ്റിന് പിടിവീണു!; വരുന്നു, കർശനനടപടികൾ

Mail This Article
പാറശാല∙ അമരവിള ചെക്പോസ്റ്റിനെ അഴിമതിമുക്തമാക്കാൻ കർശന നടപടികളുമായി എക്സൈസ് വകുപ്പ്. ചെക്പോസ്റ്റിന് സമീപത്തെ ക്യാമറകൾ നിരീക്ഷിക്കുന്നതിനൊപ്പം ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധനകളും നടത്തും. ദിവസങ്ങൾക്ക് മുമ്പ് ലോറികളിൽ നിന്ന് പണം വാങ്ങുന്നതും ബക്കറ്റിൽ മത്സ്യം വരെ കൈക്കൂലിയായി വാങ്ങുന്നതുമായ ദ്യശ്യങ്ങൾ പുറത്തായത് വകുപ്പിന് നാണക്കേട് വരുത്തിയ സാഹചര്യത്തിലാണ് പിടിമുറുക്കൽ.
ക്യാമറ സ്ഥാപിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും കാര്യമായ നിരീക്ഷണം നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വ്യക്തമാക്കുന്നു. കൈക്കൂലി കേസിൽ എസ്ഐ അടക്കം അഞ്ച് പേരെ സസ്പെൻഡ് ചെയ്യുകയും, ഇൻസ്പെക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. മൂന്ന് ഷിഫ്റ്റിലായി 22 ജീവനക്കാരാണ് പോസ്റ്റിലുള്ളത്. സിഇഒമാർക്ക് മൂന്ന് മാസവും, എസ്ഐമാർക്ക് ആറ് മാസവും ആണ് കാലാവധി.
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ് ഭൂരിഭാഗവും ചെക്പോസ്റ്റുകളിൽ ഡ്യൂട്ടി തരപ്പെടുത്തുന്നത്. അമരവിളയിലെ അഴിമതിയ്ക്ക് പിന്നിൽ ചെക്ക്പോസ്റ്റിന്റെ നിയന്ത്രണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മൗനാനുവാദമായിരുന്നു. ഉദ്യോഗസ്ഥ നിയന്ത്രണം നഷ്ടമായതോടെ ചിലർ പരസ്യമായി പടി വാങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നതായി കൈക്കൂലി കേസിൽ അന്വേഷണത്തിനെത്തിയ ഉന്നതരോട് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
മത്സ്യം, പച്ചക്കറി, പഴങ്ങൾ എന്നിവയുടെ കെട്ടുകളുമായിട്ടാണ് ജീവനക്കാരിലധികവും ഡ്യൂട്ടി കഴിഞ്ഞ് വീടുകളിലേക്കു പോയിരുന്നതെന്ന് സമീപവാസികൾ തന്നെ വ്യക്തമാക്കുന്നു. എക്സൈസ് ചെക്പോസ്റ്റിൽ നൂറ് രൂപ കൈമടക്ക് വാങ്ങുമ്പോൾ എതിരെയുള്ള മോട്ടർവാഹനവകുപ്പ് പോസ്റ്റിലേയ്ക്ക് പടിയിനത്തിൽ ഒഴുകുന്നത് ആയിരങ്ങളാണ്. രണ്ട് എഎംവിമാരും, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും മാത്രമുള്ള ഒാഫിസിൽ പിൻവാതിലിലൂടെ ദിവസവും എത്തുന്നത് ഇരുപതിനായിരത്തോളം രൂപയാണ്.
അമിതലോഡുമായെത്തുന്ന ലോറികളാണ് ഇവരുടെ പ്രധാനസ്രോതസ്സ്. ഒാഫിസുകളിലെത്തുന്ന ഡ്രൈവർമാരോട് എത്ര ടൺ അധികമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. പിന്നിട് സംസാരിച്ച് തുക പറയുന്നതെല്ലാം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. കണ്ണൻകുഴി സ്വദേശിയായ ഒാട്ടോഡ്രൈവറാണ് ഇവിടത്തെ പ്രധാന ഇടനിലക്കാരൻ.
രാത്രിസമയങ്ങളിൽ ആർടി ഒാഫിസിനു മുന്നിലെ സജീവസാന്നിധ്യമായ ഇയാളെ തുക ഏൽപിച്ചാൽ ലോറിക്കാർക്ക് പോകാം. വിജിലൻസ് പരിശോധനകൾ ഭയന്ന് കൈക്കൂലി പണം സൂക്ഷിക്കുന്നത് പോസ്റ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണത്രെ. മാസങ്ങൾക്ക് മുൻപ് ആർടി ഓഫിസിൽ റെയ്ഡിനെത്തിയ വിജിലൻസ് ഇതേ ചായക്കടയിൽ നിന്ന് പതിനാലായിരം രൂപ കണ്ടെടുത്തിരുന്നു.
വാഹനത്തിൻെറ ശേഷിയിൽ കൂടുതലുള്ള ഒരോ ടണ്ണിനും 2000 രൂപയാണ് നിയമപ്രകാരമുള്ള പിഴ. പത്ത് മുതൽ പതിനഞ്ച് വരെ ടൺ അധികം കയറ്റിയാണ് സിമന്റ് ലോറികൾ എത്തുന്നത്. പിഴയായി ലഭിക്കേണ്ട വൻ തുകകൾ നിസ്സാര കൈമടക്ക് വാങ്ങി ഒതുക്കുന്ന ഉദ്യോഗസ്ഥർ നഷ്ടമാക്കുന്നത് സർക്കാരിൽ എത്തേണ്ട കോടിക്കണക്കിന് രൂപയാണ്.