ഷാരോൺ വധം: പഠിക്കണം, കുറഞ്ഞ ശിക്ഷ ആവശ്യപ്പെട്ട് ഗ്രീഷ്മ; പൈശാചിക പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ വാദം

Mail This Article
നെയ്യാറ്റിൻകര ∙ രാവിലെ നെയ്യാറ്റിൻകര കോടതിക്കു മുന്നിൽ വലിയ ആൾക്കൂട്ടമായിരുന്നു. ക്യാമറയുമായെത്തിയ മാധ്യമപ്രവർത്തകരെ കോടതിക്കു പുറത്തു പൊലീസ് തടഞ്ഞു. ഉള്ളിൽ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ കോടതി ഹാളിനു മുന്നിലും ആൾക്കൂട്ടം നിറഞ്ഞു. പ്രധാന പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി നിർമല കുമാരൻ നായരും കോടതി ഹാളിനുള്ളിലുണ്ടായിരുന്നു.11 മണിക്ക് അഡീഷനൽ സെഷൻസ് ജഡ്ജി എ.എം.ബഷീർ കോടതിയിലെത്തി. ഗ്രീഷ്മയുടെ കേസിന്റെ നമ്പർ വിളിച്ചെങ്കിലും പിന്നീടു പരിഗണിക്കുമെന്നു പറഞ്ഞ് ആദ്യം മാറ്റി വച്ചു. അൽപസമയത്തിനകം കേസ് കോടതി പരിഗണനയ്ക്കെടുത്തു.ഗ്രീഷ്മയും നിർമല കുമാരൻ നായരും കുറ്റകൃത്യം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം വിധിച്ചതിനാൽ ശിക്ഷാവിധിയെക്കുറിച്ച് പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചു.
ഗ്രീഷ്മ തന്റെ ഭാഗം അറിയിക്കാൻ ജഡ്ജിക്കരികിലേക്കെത്തി. ശബ്ദം ഉയർന്നു കേൾക്കാത്തതിനാൽ ബെഞ്ച് ക്ലാർക്ക് ഇരിക്കുന്ന ഭാഗത്തുകൂടി തന്റെ മേശയ്ക്കു മുന്നിലേക്കു വിളിച്ചു നിർത്തി ജഡ്ജി ഗ്രീഷ്മയുടെ ഭാഗം കേട്ടു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ചു തങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചു.തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഒന്നാം പ്രതി ഗ്രീഷ്മ ചെയ്തിട്ടുണ്ടെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തെളിവു നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമല കുമാരൻ നായർ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു.
പഠിക്കണം, കുറഞ്ഞ ശിക്ഷ നൽകണം: ഗ്രീഷ്മ
‘ഞാൻ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ട്’ എന്നു പറഞ്ഞ ഗ്രീഷ്മ തെളിവായി ഏതാനും സർട്ടിഫിക്കറ്റുകൾ കോടതിക്കു സമർപ്പിച്ചു. മാതാപിതാക്കളുടെ ഏക മകളാണെന്നും മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നും ഗ്രീഷ്മ പറഞ്ഞു. നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂവെന്ന ആവശ്യവും അറിയിച്ചു. കോടതിയിലുണ്ടായിരുന്ന സമയം മുഴുവൻ ഗ്രീഷ്മ മാസ്ക് ധരിച്ചിരുന്നു.
പ്രണയം എന്ന സങ്കൽപത്തെ കൂടിയാണ് കൊലപ്പെടുത്തിയത്: പ്രോസിക്യൂഷൻ
പ്രേമം നടിച്ച് വിശ്വാസം ആർജിച്ചശേഷം കഷായത്തിൽ മാരക വിഷമായ കളനാശിനി കലർത്തിക്കൊടുത്ത് കൊലപ്പെടുത്തിയത് ഒരു പൈശാചിക പ്രവൃത്തിയായിരുന്നുവെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത് കുമാർ വാദിച്ചു. ഇംഗ്ലിഷിലും സാങ്കേതികവിദ്യയിലുമുള്ള അറിവ് പ്രതി ഗ്രീഷ്മ ദുരുപയോഗം ചെയ്തത് വിഷത്തിന്റെ പ്രവർത്തന രീതി പഠിക്കാനും അതുവഴി ഷാരോൺ രാജിനെ വധിക്കാനുമാണ്. ചുണ്ടുകൾ മുതൽ വിണ്ടുകീറി ആന്തരാവയവങ്ങളെല്ലാം രക്തം വാർന്ന് 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോൺ മരിച്ചത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തിന് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും നീതീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയെ വിശ്വസിക്കുകയും പ്രണയിക്കുകയും ചെയ്ത നിഷ്കളങ്കനായ ഒരു യുവാവിനെ ഇല്ലാതാക്കി എന്നു മാത്രമല്ല, പരിശുദ്ധമായ പ്രണയം എന്ന സങ്കൽപത്തെ കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കൊലപാതകത്തിനു വേണ്ടി പ്രതി പ്രണയത്തെ ദുരുപയോഗം ചെയ്തു. ചെറിയ അളവിൽ വിഷം കൊടുത്തു വധിക്കാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കൊടുംവിഷം നൽകി വധിച്ചത്. നിഷ്ഠൂരമായ മനസ്സുള്ളയാൾക്കു മാത്രം കഴിയുന്ന കൃത്യമാണിത്. കടുത്ത അരുചിയുള്ള വിഷം വിശ്വസനീയമായി കഷായത്തിൽ കലർത്തിയാണ് നൽകിയത്. അതിനു ശേഷം രക്ഷപ്പെടാനുള്ള മുൻകരുതലുകളും പ്രതി ബോധപൂർവം നടത്തിയിരുന്നു. സകലരെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. അതിന്റെ ഭാഗമാണ് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നു എന്ന വാദം.
ഷാരോൺ ജീവിതം തകർക്കുമെന്നു ഭയന്നു: പ്രതിഭാഗം
കൊല്ലപ്പെട്ട ഷാരോൺ രാജിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ പലതരത്തിൽ ശ്രമിച്ചിട്ടും കഴിയാത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചിരുന്ന ഗ്രീഷ്മ അതിനു കഴിയാത്തതിനാലാണ് കൊല ചെയ്യാൻ നിർബന്ധിതയായതെന്നു പ്രതിഭാഗം വാദിച്ചു. പ്രണയത്തിലിരുന്ന കാലത്ത് ഇരുവരും ഒന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. ഇവ പല മെമ്മറി കാർഡുകളിലും ഡിവൈസുകളിലും പകർത്തി സൂക്ഷിക്കുകയും അതുപയോഗിച്ച് ഗ്രീഷ്മയുടെ ജീവിതത്തെ ബാധിക്കുന്നവിധമുള്ള ബ്ലാക്മെയിലിങ് നടത്തുകയും ചെയ്തു. തനിക്കു കിട്ടാത്തത് ആർക്കും കിട്ടരുതെന്ന് പറഞ്ഞ് ഷാരോൺ ഗ്രീഷ്മയെ തല്ലി. തന്റെ ജീവിതത്തിൽ നിന്നെങ്കിലും ഇയാൾ ഒഴിവാകുമെന്നു കരുതിയാണ് ഗ്രീഷ്മ കൊലപാതകത്തിനു നിർബന്ധിതയായതെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു. പ്രതി മനസ്സമാധാനമുള്ള ജീവിതം ആഗ്രഹിച്ചു. അവർക്കു മുൻപു കുറ്റം ചെയ്ത ചരിത്രമില്ല, എന്തെങ്കിലും സാമ്പത്തികമോ മറ്റോ ആയ നേട്ടത്തിനു വേണ്ടിയല്ല കൊലപാതകം നടത്തിയത്. പ്രായം പരിഗണിച്ച് മാനസാന്തരപ്പെടാനുള്ള അവസരം നൽകി ഏറ്റവും കുറഞ്ഞശിക്ഷ നൽകാണമെന്നു പ്രതിഭാഗം വാദിച്ചു.