മനമുരുകി പ്രാർഥനകൾ: നാടിനെ യജ്ഞ ഭൂമിയാക്കി ആറ്റുകാൽ പൊങ്കാല

Mail This Article
തിരുവനന്തപുരം∙ പൂരം നാളും പൗർണമി ദിനവും ഒത്തുചേർന്ന കുംഭപ്പകലിൽ തലസ്ഥാന നഗരിയാകെ ആറ്റുകാലമ്മയുടെ തിരുമുറ്റമായി മാറി. ഭക്തിയോടെ ജ്വലിച്ച ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകൾ ആറ്റുകാലിനെയും ക്ഷേത്രത്തിൽനിന്ന് കിലോമീറ്ററുകളോളം നീണ്ട വീഥികളെയും യജ്ഞ ഭൂമിയാക്കി. പൊങ്കാലയർപ്പിക്കാൻ ദൂരദിക്കുകളിൽനിന്ന് എത്തിയവരും അടുത്തടുത്ത് അടുപ്പുകൾ കൂട്ടി പൊങ്കാല നിവേദ്യം തയാറാക്കി ദേവിക്കു സമർപ്പിച്ചു.
ദർശനത്തിനായി നീണ്ട ക്യൂവാണ് ഇന്നലെ പുലർച്ചെ മുതൽ ആറ്റുകാൽ ക്ഷേത്രത്തിൽ ദൃശ്യമായത്. വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തർ ക്ഷേത്രാങ്കണത്തിൽ എത്തി. സ്വകാര്യ വാഹനങ്ങളിലും ബസുകളിലും ട്രെയിനിലുമായി നേരത്തെ തലസ്ഥാനത്ത് എത്തിയവർ പ്രധാന പാതകളിലും ഇടവഴികളിലും കാലേകൂട്ടി ഇടം പിടിച്ചിരുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും ഒട്ടേറെ ഭക്തർ പതിവു തെറ്റിക്കാതെ പൊങ്കാല അർപ്പിക്കാനെത്തി.
ദിവസങ്ങൾക്കു മുന്നേ നഗരത്തിന്റെ പല ഭാഗങ്ങളിലായി പൊങ്കാലയെ അടയാളപ്പെടുത്തി ഇടംപിടിച്ച ചുടുകല്ലുകൾ മനസ്സുകളിലെ ഭക്തിയും ഐക്യവും പോലെ ഒരുപോലെ ജ്വലിച്ചു. വാഹനങ്ങൾ പൊതുവേ കുറവായതിനാൽ റോഡുകളിൽ തിരക്കു കുറഞ്ഞിരുന്നു. നിയന്ത്രണം കർശനമാക്കി പൊലീസ് സന്നാഹം പൊങ്കാല നടക്കുന്ന ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ശുദ്ധജലവും ലഘു ഭക്ഷണവുമായി സംഘടനകളും കൂട്ടായ്മകളും സജീവമായി. പൊങ്കാല ഉത്സവത്തെ വരവേൽക്കാൻ ബുധൻ വൈകിട്ട് മുതൽ നഗരത്തിലെ പലയിടങ്ങളിലും ഉച്ചഭാഷിണികൾ നിരന്നു.
കലാപരിപാടികളും ഭക്തിഗാനസന്ധ്യയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഉറക്കമില്ലാത്ത രാവു പിന്നിട്ട ശേഷമാണ് നഗരപ്രഭാതം പൊങ്കാലയിലേക്കു പ്രവേശിച്ചത്. രാവിലെ ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണ ചടങ്ങുകൾ വീക്ഷിക്കാൻ മന്ത്രിമാരായ വി.എൻ.വാസവൻ, ജി.ആർ.അനിൽ, പി.എ.മുഹമ്മദ് റിയാസ്, ശശി തരൂർ എംപി, എംഎൽഎമാരായ ആന്റണി രാജു, എം.വിൻസന്റ്, വി.കെ.പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ, കോൺഗ്രസ് നേതാവ് കെ.മുരളീധരൻ തുടങ്ങി ഒട്ടേറെപ്പേർ എത്തിയിരുന്നു.