ഹൈക്കോടതി വിധി കാറ്റിൽ പറത്തി; പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രദേശത്ത് വീണ്ടും ഫ്ലെക്സ് ബോർഡ്

Mail This Article
കിളിമാനൂർ∙ ഹൈക്കോടതി വിധിക്ക് പുല്ലു വില കൽപിച്ച് പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രദേശത്ത് വീണ്ടും വീണ്ടും ഫ്ലെക്സ് ബോർഡ്. പൊതുനിരത്തുകൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ അനധികൃത ബോർഡുകൾ, ഫ്ലെക്സ് ബോർഡ്, കൊടിതോരണങ്ങൾ എന്നിവ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയ കാവ് ചന്തയിൽ 3 കോടി രൂപ ചെലവിൽ നവീകരണം നടത്തുന്നതിന്റെ ഉദ്ഘാടനം 21ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും എന്ന ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്ത് ഓഫിസിനു സമീപത്തെ നടപ്പാതയിൽ.
കോടതി ഉത്തരവ് സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും കർശനമായി നടപ്പാക്കുമ്പോൾ പഴയകുന്നുമ്മേൽ പഞ്ചായത്തിനു കോടതി ഉത്തരവ് പ്രശ്നമല്ല എന്ന നിലയിലാണ് ഭരണ സംവിധാനം. സംസ്ഥാനത്തെ മുഴുവൻ ഫ്ലെക്സ് ബോർഡുകളും നീക്കം ചെയ്യണമെന്ന അന്തിമ നിർദേശം നൽകിയ ശേഷം പഴയകുന്നുമ്മേൽ പഞ്ചായത്ത് നിരവധി തവണ ഫ്ലെക്സ് ബോർഡുകൾ പൊതുനിരത്തുകളിലും നടപ്പാതകളിലും സ്ഥാപിച്ചു എന്നാണ് പരാതി.
പഞ്ചായത്ത് പരിപാടിയുടെ ഫ്ലെക്സ് നിയമം ലംഘിച്ചാണ് നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്നത്. നിയമം, കോടതി ഉത്തരവ് പാലിക്കേണ്ട പഞ്ചായത്ത് ആണ് നിയമവും കോടതി ഉത്തരവും ലംഘിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി ബോർഡ്, ഫ്ലെക്സ്, കൊടിതോരണങ്ങൾ സ്ഥാപിച്ച സംഭവത്തിൽ ഒരാൾക്ക് പോലും നോട്ടിസ് നൽകുകയോ പിഴ ഈടാക്കുകയോ ചെയ്തിട്ടില്ല. നോട്ടിസ്, പിഴ എന്നിവ ഇല്ലാത്തതിനാൽ ഫ്ലെക്സ് സ്ഥാപിക്കുന്നത് പഞ്ചായത്തിൽ തുടർ കഥയായി.