കാട്ടാക്കട പട്ടണ വികസനം: അനുവദിച്ചത് നൂറു കോടി; ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം

Mail This Article
കാട്ടാക്കട ∙ പട്ടണ വികസനത്തിനു ആവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമിറങ്ങി. റോഡ്, ജംക്‌ഷൻ വികസന പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കാനുള്ള 11(1) വിജ്ഞാപനം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചു. നടപടികൾ വേഗത്തിലാക്കിയാൽ 6 മാസത്തിനുള്ളിൽ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാം.
ആദ്യ ഘട്ടത്തിൽ 2 പ്രധാന റോഡുകളുടെയും ജംക്‌ഷന്റെയും വികസനമാണ് നടപ്പാക്കുക. ഇതിന് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ആണ് ഇറങ്ങിയത്. തിരുവനന്തപുരം റോഡിൽ മൊളിയൂർ റോഡിന്റെ തുടക്കം മുതൽ മാർക്കറ്റ് റോഡിൽ ശ്രീകൃഷ്ണപുരം വരെയും ജംക്‌ഷൻ മുതൽ ക്രിസ്ത്യൻ കോളജ് വരെയുള്ള റോഡുകളും കാട്ടാക്കട ജംക്‌ഷനും വികസിപ്പിക്കാനാണ് ആദ്യ 2 റീച്ചുകൾ ലക്ഷ്യമിടുന്നത്. ആവശ്യമായി വരുന്ന ഭൂമി കണ്ടെത്തി നേരത്തെ അതിരടയാളക്കല്ലുകൾ സ്ഥാപിച്ചിരുന്നു. ഈ ഭൂമി ഏറ്റെടുക്കുന്നതിനാണു ഇപ്പോഴത്തെ വിജ്ഞാപനം.
ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അവ സമർപ്പിക്കാൻ 2 മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇതിനു ശേഷം അതിരടയാളക്കല്ലുകൾ സ്ഥാപിച്ച ഭൂമി സർവേ ചെയ്യും. ഏറ്റെടുക്കുന്ന ഭൂമിയിലെ മന്ദിരങ്ങൾ, മരങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ മൂല്യനിർണയത്തിന് വകുപ്പുതല സമിതിയെ നിയോഗിക്കും.
പരാതി ലഭിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം മൂല്യനിർണയം പൂർത്തിയാക്കി ഏറ്റെടുക്കുന്ന ഭൂമി പൊളിക്കേണ്ട കെട്ടിടങ്ങൾ,ഏറ്റെടുക്കുന്ന ഭൂമിയിൽ മുറിക്കേണ്ട മരങ്ങൾ തുടങ്ങിയവയുടെ പട്ടിക തയാറാക്കി ഉടമയ്ക്ക് അവയുടെ വില നൽകി ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കും.ഇതിനു ശേഷം ഭൂമി മരാമത്ത് വകുപ്പിനു കൈമാറുന്നതോടെ നിർമാണം ആരംഭിക്കാനാകും. ഈ വർഷം തന്നെ പണി ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലാണ് കാട്ടാക്കട പട്ടണ വികസനത്തിനു നൂറു കോടി രൂപ അനുവദിച്ചത്.