നികുതി നിരക്കുകളുടെ എണ്ണം നാലിൽ നിന്ന് രണ്ടാക്കി കുറയ്ക്കണം: പ്രഫ. എം.ഗോവിന്ദറാവു

Mail This Article
തിരുവനന്തപുരം ∙ നികുതി നിരക്കുകളുടെ ബാഹുല്യം ജിഎസ്ടി സമ്പ്രദായത്തിന്റെ ഭാവിയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നതായി 14–ാം ധനകാര്യ കമ്മിഷൻ അംഗമായിരുന്ന പ്രഫ. എം.ഗോവിന്ദറാവു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന നിയമങ്ങൾ ഉൾപ്പടെ മുപ്പതിൽ പരം നിയമങ്ങൾ നിലനിൽക്കുന്നതും ജിഎസ്ടിയുടെ നടത്തിപ്പ് അതീവ സങ്കീർണമാക്കുന്നു. ഈ സാഹചര്യത്തിൽ നികുതി നിരക്കുകളുടെ എണ്ണം നാലിൽ നിന്ന് രണ്ടാക്കി കുറയ്ക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും (ഗിഫ്റ്റ്) മദ്രാസ് സ്‌കൂൾ ഓഫ് ഇക്കോണമിക്‌സും (എംഎസ്ഇ) സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിൽ ‘ഇന്ത്യയിൽ ജിഎസ്ടി സമ്പ്രദായം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന ഉൽപന്നങ്ങളുടെ എണ്ണം വലിയ തോതിൽ ഉയർന്നിട്ടുണ്ട്. ഉപഭോക്തൃ ഉൽപന്ന സൂചികയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഉൽപന്നങ്ങളിൽ പകുതിയും നിലവിൽ ജിഎസ്ടി വിലയ്ക്ക് പുറത്താണ്. അതുകൊണ്ട് ഇന്ത്യയിൽ യഥാർഥത്തിൽ പ്രാവർത്തികമാക്കുന്നത് 10.5 ശതമാനം നികുതി നിരക്ക് മാത്രമാണ്. നികുതി നിരക്കുകളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം ജിഎസ്ടിയിൽ നിന്നും ഒഴിവാക്കപ്പെടുന്ന ഉൽപന്നങ്ങളുടെ കാര്യത്തിൽ പുനരാലോചന ഉണ്ടാകണം’– അദ്ദേഹം പറഞ്ഞു. ഐജിഎസ്ടി വരുമാനം സംസ്ഥാനങ്ങൾക്കിടയിൽ സെറ്റിൽ ചെയ്യുമ്പോൾ ഉണ്ടാകുന്ന അപാകതകൾ പരിഹരിക്കേണ്ടത് ജിഎസ്ടിയുടെ മുന്നോട്ടുപോക്കിൽ അനിവാര്യമാണെന്ന് ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ചെയർ പ്രഫസറായ സെബാസ്റ്റ്യൻ മോറിസ് അഭിപ്രായപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ വരുമാനം പങ്കുവയ്ക്കുന്ന കാര്യത്തിൽ സുതാര്യമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നികുതി–ജിഡിപി അനുപാതം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന് കോഴിക്കോട് ഐഐഎമ്മിലെ പ്രഫസർ സ്ഥാണു ആർ. നായർ പറഞ്ഞു. ഒഇസിഡി രാജ്യങ്ങളുടെ കാര്യത്തിൽ ഇത് 34 ശതമാനമായിരിക്കെ ഇന്ത്യയിൽ കേവലം 15.72 ശതമാനം മാത്രമാണ്. സർക്കാരുകളുടെ റവന്യു വരുമാനം കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. നികുതി-ജിഡിപി അനുപാതത്തിൽ വർധനയുണ്ടാക്കുക എന്നത് അനിവാര്യമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഘടന ലളിതമാക്കുന്നതിനൊപ്പം ജിഎസ്ടി നിരക്കുകൾ രണ്ടോ, മൂന്നോ ആക്കി പരിമിതപ്പെടുത്തണമെന്ന് എൻഐപിഎഫ്പിയിലെ പ്രഫസർ സച്ചിദാനന്ദ മുഖർജി പറഞ്ഞു.
നികുതി ഇളവുകളും ഒഴിവാക്കലും നൽകുന്നത് പരിമിതപ്പെടുത്തണമെന്ന് പ്രമുഖ ധനകാര്യ വിദഗ്ദർ പങ്കെടുത്ത സെഷൻ അഭിപ്രായപ്പെട്ടു. നികുതി അടിത്തറ ശക്തമാക്കുക, നികുതി പിരിക്കുന്നതിനും ഐജിഎസ്ടി പങ്കുവയ്ക്കലിനും ശക്തവും കുറ്റമറ്റതുമായ സാങ്കേതിക സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. ബ്രസീൽ സർക്കാർ ഫെഡറൽ അറ്റോർണി മരിയ സിമോൺ, ഫിനാൻഷ്യൽ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റർ കെ.ജി.നരേന്ദ്രനാഥ് എന്നിവരും സംസാരിച്ചു. ‘സംസ്ഥാന സർക്കാരുകളുടെ ധനകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ 15–ാം ധനകാര്യ കമ്മിഷൻ അംഗം പ്രഫ. അശോക് ലാഹിരി അധ്യക്ഷനായി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ എമിറേറ്റ്സ് പ്രഫസർ സി.പി.ചന്ദ്രശേഖർ, റിസർവ് ബാങ്കിന്റെ മുൻ പ്രിൻസിപ്പൽ അഡ്വൈസർ ഡോ. ദേബപ്രസാദ് രഥ്, പ്രഫ. സൂരജിത് മസുംദാർ, ഡോ. ഡെന്നിസ് രാജകുമാർ, 5–ാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ പ്രഫ. ആൽവിൻ പ്രകാശ് എന്നിവർ വിഷയം അവതരിപ്പിച്ചു.