തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടും അഷ്ടദ്രവ്യ ഗണപതി ഹോമവും
Mail This Article
തൃശൂർ ∙ മഴ മാറി നിന്ന കർക്കടകപ്പുലരിയിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ആനയൂട്ട്. ക്ഷേത്രവളപ്പിൽ തെക്കേഗോപുര നടയ്ക്കു സമീപമായി നിരന്നു നിന്ന ആനകളെ സമൃദ്ധമായി ഉൗട്ടിയതോടെ തെളിഞ്ഞ മാനം പോലെ ജനങ്ങളുടെ മനവും നിറഞ്ഞു. തിരുവമ്പാടി ലക്ഷ്മിക്കുട്ടി എന്ന പിടിയാനയ്ക്ക് ആദ്യ ഉരുള നൽകി വടക്കുന്നാഥ ക്ഷേത്രം മേൽശാന്തി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി രാവിലെ 9.30ന് ആനയൂട്ടിനു തുടക്കമിട്ടു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, എറണാകുളം ശിവകുമാർ, കുട്ടൻകുളങ്ങര അർജുനൻ, പുതുപ്പള്ളി കേശവൻ തുടങ്ങി 52 ആനകൾ പങ്കെടുത്തു. 5 പിടിയാനകളുമുണ്ടായിരുന്നു.
സുഖചികിത്സയ്ക്കിടെ പ്രത്യേക അനുമതിയോടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളും ആനയൂട്ടിനെത്തി. ശർക്കര, നെയ്യ്, നാളികേരം, കരിമ്പ്, അരി എന്നിവ ചേർത്ത പ്രത്യേക ആയുർവേദ ഉരുളയും പലതരം പഴങ്ങളുമാണ് ആനകൾക്കു നൽകിയത്. പുലർച്ചെ ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ട്രദ്രവ്യ മഹാഗണപതി ഹോമത്തോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കം. 7500 പേർക്ക് അന്നദാനവും ഒരുക്കിയിരുന്നു. അവധി ദിനമായതിനാൽ സ്കൂൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ആനയൂട്ട് കാണാനെത്തിയത്.
മന്ത്രി കെ.രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ എംപി, പി.ബാലചന്ദ്രൻ എംഎൽഎ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, കലക്ടർ വി.ആർ. കൃഷ്ണതേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ.വിജയൻ, വ്യവസായ പ്രമുഖരായ ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്, കൊച്ചിൻ ദേവസ്വം സെക്രട്ടറി ബിന്ദു, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ദേവസ്വം മാനേജർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
നാട്ടാന ദൗർലഭ്യം പരിഹരിക്കും: മന്ത്രി
തൃശൂർ ∙ കേരളത്തിലെ നാട്ടാനകളുടെ ദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നു മന്ത്രി കെ.രാധാകൃഷ്ണൻ. കേരളത്തിൽ നാട്ടാനകളുടെ എണ്ണം വൻതോതിലാണു കുറഞ്ഞു വരുന്നത്. വനത്തിൽ നിന്നു പിടികൂടി ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനോ ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരാനോ നിലവിൽ കഴിയില്ല. അതിനു കേന്ദ്ര നയത്തിൽ മാറ്റം വരണം. കേന്ദ്ര സർക്കാർ രൂപീകരിച്ച നയത്തിനു തുടർച്ചയായി സംസ്ഥാന സർക്കാരും നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.