പ്രശ്നം ഒന്നാണ് ‘വെള്ളമില്ല’, പക്ഷേ, കാരണം രണ്ടാണ്

Mail This Article
പൈപ്പിൽ ചാക്ക് കുത്തി നിറച്ച നിലയിൽ ഒരാഴ്ചയോളം ജലവിതരണം നിലച്ചു
കോടശേരി ∙ പഞ്ചായത്തിലെ പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ജലവിതരണ പൈപ്പിൽ സാമൂഹികവിരുദ്ധർ ചാക്ക് കുത്തി നിറച്ച് ഒഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. നാല് കിലോമീറ്റർ പരിധിയിൽ കാർഷിക ആവശ്യങ്ങൾക്ക് വെള്ളം കൊണ്ടുപോകുന്ന പദ്ധതിയാണിത്. ടാങ്കിൽ നിന്നും തെക്കേ പുളിങ്കര ഭാഗത്തേക്കു വെള്ളം പോകുന്ന പ്രധാന പൈപ്പിലാണ് ചാക്ക് ചുറ്റി തടസ്സമുണ്ടാക്കിയത്. ഈ മേഖലയിൽ നൂറിൽ അധികം പേരാണ് പദ്ധതിയെ ആശ്രയിക്കുന്നത്.
ടാങ്കിൽ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന് നാല് വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി പ്രദേശങ്ങളിൽ നനവെളളം ലഭിക്കുന്നതിനാൽ ശുദ്ധജല പ്രശ്നം ബാധിക്കാറില്ലെന്ന് പറയുന്നു. പീലാർമുഴി യൂണിയൻ ഷെഡ് ഭാഗത്ത് നിന്നും തെക്കേ പുളിങ്കര ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പിലാണ് ജലവിതരണം മുടങ്ങിയത്. കമ്പിൽ ചാക്ക് ചുറ്റി പൈപ്പിനുള്ളിൽ തിരുകി കയറ്റിയതോടെ ഒരാഴ്ചയോളം ജലവിതരണം നിലച്ചു. കടുത്ത വേനലിൽ ശുദ്ധജലം മുട്ടിക്കുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജലവിതരണ സമിതി ആവശ്യപ്പെട്ടു.
കണ്ണൻകുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി; പ്രവർത്തനം നിലച്ചു
അതിരപ്പിള്ളി ∙ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തിയ കണ്ണൻകുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ നിലച്ചു. മോട്ടർ തകരാറിലായതാണ് ജലവിതരണം മുടങ്ങിയതിനു കാരണം. പമ്പിങ് നിലച്ചതോടെ പുനരധിവാസ മേഖലയിൽ ജലക്ഷാമം രൂക്ഷമായി. ഇരുനൂറിൽ അധികം പേരാണ് പദ്ധതിയെ ആശ്രയിക്കുന്നത്. നനവെളളം എത്തുന്നതോടെ നാട്ടിലെ കിണറുകളിൽ വെള്ളം നിറഞ്ഞ് ശുദ്ധജല ക്ഷാമത്തിനും പരിഹാരമാകും. വാർഷിക മെയിന്റനൻസ് പൂർത്തിയാക്കിയ ശേഷം ഒരുമാസം മാത്രമാണ് പമ്പിങ് നടത്തിയത്.
ഇതു സംബന്ധിച്ച് വിവരങ്ങൾ അറിയാൻ ബന്ധപ്പെട്ട നാട്ടുകാർക്ക് അധികൃതരിൽ നിന്നും അനുകൂലമായി മറുപടി ലഭിച്ചില്ലെന്ന് പറയുന്നു. രണ്ട് പമ്പ് സെറ്റുകൾ ഉപയോഗിച്ചാണ് തുടർച്ചയായി ജലവിതരണം നടത്തിയിരുന്നത്. സ്റ്റാർട്ടർ തകരാറിലായതാണ് പമ്പിങ് തടസ്സപ്പെടാൻ കാരണമെന്നും അടുത്ത ദിവസം തകരാർ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനായി കൊണ്ടു പോയ 50 എച്ച്പിയുടെ പമ്പ് സെറ്റ് എവിടെയെന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ല.