ഗുരുവായൂരിൽ നാളെ മുതൽ സ്വർണക്കോലം എഴുന്നള്ളിക്കും

Mail This Article
ഗുരുവായൂർ ∙ ഉത്സവം ആറാം വിളക്ക് ദിവസമായ നാളെ ഉച്ചകഴിഞ്ഞുള്ള കാഴ്ച ശീവേലിക്ക് കൊമ്പൻ നന്ദൻ സ്വർണക്കോലം എഴുന്നള്ളിക്കും.തുടർന്ന് ആറാട്ട് ദിവസം വരെ പ്രധാന എഴുന്നള്ളിപ്പിന് സ്വർണക്കോലമാണ് എഴുന്നള്ളിക്കുക.മരതകപ്പച്ചയും വീരശൃംഖലയും സ്വർണപ്പൂക്കളും നിരത്തിയ കോടികൾ വില മതിക്കുന്ന സ്വർണക്കോലം ഉത്സവം 5 ദിവസവും ഏകാദശി 4 ദിവസവും അഷ്ടമി രോഹിണി ദിവസവും മാത്രമാണ് എഴുന്നള്ളിക്കുന്നത്.
എന്നും ആനയോട്ടം
കൊടിയേറ്റ ദിവസം ആനയോട്ടത്തോടെ തുടങ്ങുന്ന ഗുരുവായൂർ ഉത്സവം അവസാനിക്കുന്നത് ആറാട്ടു ദിവസം ക്ഷേത്രത്തിനകത്ത് 11 ഓട്ട പ്രദക്ഷിണത്തോടെയാണ്. പള്ളിവേട്ട നാളിൽ ക്ഷേത്രത്തിനകത്ത് 9 ഓട്ട പ്രദക്ഷിണമുണ്ട്. ഇതിന് പുറമേ ഉത്സവത്തിന് എല്ലാ ദിവസവും ആനയോട്ടമുണ്ട്. രാവിലെയും രാത്രിയും ശ്രീഭൂതബലിയുടെ നാലാമത്തെ പ്രദക്ഷിണത്തിനാണ് ആനയോട്ടം. കൊടിമരത്തിനു സമീപത്ത് നിന്ന് മുന്നിൽ വിളക്കുമായി കഴകക്കാരനും ചെണ്ടയുമായി മാരാരും ഹവിസ് കയ്യിലേന്തി ഓതിക്കനും ശീഘ്രബലി അർപ്പിച്ച് ഓടി നീങ്ങും.
ഭഗവാന്റെ സാന്നിധ്യത്തിൽ ബലി തൂവണം എന്നതിനാൽ പിന്നാലെ തിടമ്പ് എഴുന്നള്ളിച്ച ആനയും ഓടിയെത്തും. ക്ഷേത്രപാലന്റെ ബലിക്കല്ലിനു ഹവിസ് അർപ്പിച്ച് നിവേദ്യം പാത്രത്തോടെ സമർപ്പിക്കുന്നതാണ് ചടങ്ങ്. ആനയ്ക്കൊപ്പം ഭക്തജനങ്ങളും ഓടിയെത്തും. ഇന്നലെ കൊമ്പൻ ദേവദാസ് വെള്ളി നെറ്റിപ്പട്ടം കെട്ടി ഓട്ടക്കാരനായി. കീഴ്ശാന്തി മുളമംഗലം ഹരി നമ്പൂതിരി തിടമ്പ് എഴുന്നള്ളിച്ചു.