പുലിപ്പേടിയിൽ കൊരട്ടിയും ചിറങ്ങരയും; ക്യാമറ ട്രാപ് സ്ഥാപിച്ചു, കൂടു സ്ഥാപിക്കുമെന്ന് വനംവകുപ്പ്
Mail This Article
ചാലക്കുടി ∙ പുലിയെ കണ്ടെത്തിയ ചിറങ്ങരയിൽ വനംവകുപ്പ് 4 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു. പുലിയുടെ നീക്കങ്ങൾ കണ്ടെത്താനാണിത്. പുലിയെ പിടികൂടാനായി വൈകാതെ കൂടു സ്ഥാപിക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.ചിറങ്ങര, കൊരട്ടി മേഖലകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഞ്ചായത്ത് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ 2 ദിവസത്തിനകം കൂടു സ്ഥാപിക്കുമെന്നു അതിരപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി.ജെ.ജീഷ്മ അറിയിച്ചു. അതേ സമയം കൂടു സ്ഥാപിക്കുന്നത് ഒരു നിമിഷം പോലും വൈകരുതെന്നു പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും അഭ്യർഥിച്ചു.
അതിനിടെ ചിറങ്ങരയിൽ റെയിൽവേ ട്രാക്കിൽ നായയെ ചത്ത നിലയിൽ കണ്ടെത്തി. ഇതു പുലിയുടെ ആക്രമണത്തിൽ ചത്തതാണെന്നു വനംവകുപ്പ് അറിയിച്ചു. ഇതോടെ പുലി ഈ പ്രദേശം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണു വനംവകുപ്പ്. തെരുവുനായകളുടെ അധിക സാന്നിധ്യം പുലി മേഖലയിൽ തങ്ങാനുള്ള കാരണമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ചിറങ്ങരയിൽ കൂട് സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ സിസിഎഫിന് നിർദേശം നൽകിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ഇതുസംബന്ധിച്ച് എംഎൽഎ മന്ത്രിക്കു കത്തു നൽകിയിരുന്നു. ജനവാസ മേഖലയിൽ നിന്നു പൂട്ടിയിട്ട നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയാണെന്നും താരതമ്യേന വലുപ്പം കുറവുള്ള പുലിയാണെന്നും വനം വകുപ്പ് അറിയിച്ചു.
14നാണു ചിറങ്ങര റെയിൽവേ ഗേറ്റിനും പൊങ്ങം റോഡിനും ഇടയിൽ പണ്ടാരിക്കൽ ധനേഷിന്റെ വീട്ടിൽ നായയെ പുലി പിടിച്ചത്. നായയെ കാണാതായ വീട്ടുകാർ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണു ചങ്ങലപോലും നിഷ്പ്രയാസം പൊട്ടിച്ചു നായയെയും കടിച്ചു പിടിച്ചു പുലി പോകുന്ന ദൃശ്യം കണ്ടത്. ഇതേ തുടർന്നു ജനങ്ങൾ ഭീതിയിലാണ്. പുലിയെ കണ്ടെത്തിയ മേഖലയിൽ അടിക്കാടുകൾ വെട്ടിത്തെളിക്കാൻ പഞ്ചായത്ത് വിളിച്ച് ചേർത്ത അടിയന്തര യോഗത്തിൽ തീരുമാനമായി. കൊരട്ടി ഗവ. പ്രസ്, വൈഗൈ ത്രെഡ്സ് വളപ്പുകളിൽ 100ലേറെ ഏക്കർ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഈ ഭാഗം പുലി താവളമാക്കാനുള്ള സാധ്യതയും ശക്തമാണ്. അതിനാൽ ഇവിടെയുള്ള കാടും പടലും നീക്കാനുള്ള നടപടിക്കായി കലക്ടർക്കു കത്തു നൽകും.
പള്ളികളിൽ പുലർച്ചെ കുർബാനയ്ക്കു പോകുന്നതും പ്രഭാത, സായാഹ്ന സവാരികളും കഴിവതും ഒഴിവാക്കണമെന്നു യോഗം നിർദേശിച്ചു. കുട്ടികൾ സ്കൂളുകളിലേയ്ക്കും ട്യൂഷൻ ക്ലാസുകളിലേക്കും പോകുന്നതു സുരക്ഷ ഉറപ്പാക്കി വേണമെന്നും യോഗം നിർദേശിച്ചു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അധ്യക്ഷത വഹിച്ചു. റേഞ്ച് ഓഫിസർ വി.ജെ.ജീഷ്മ, എസ്ഐ സി.പി.ഷിബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ കെ.ആർ.സുമേഷ്, കുമാരി ബാലൻ, വർഗീസ് പയ്യപ്പിള്ളി, ബിജോയ് പെരേപ്പാടൻ, ഗ്രേസി സ്‌കറിയ, പോൾസി ജിയോ, ലിജു ജോസ്, പഞ്ചായത്ത് സെക്രട്ടറി കെ.എ.ശ്രീലത, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആൽബിൻ ആന്റണി, കെ.പി.അസീസ് എന്നിവർ പ്രസംഗിച്ചു.
പ്രദേശത്തെ തെരുവുവിളക്കുകൾ പൂർണമായും പ്രകാശിപ്പിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) അംഗങ്ങൾ മേഖലയിൽ പതിവായി പരിശോധന തുടരുന്നു. പൊലീസ് സംഘവും പരിശോധനയ്ക്കായി പ്രദേശത്തു റോന്തു ചുറ്റുന്നുണ്ട്. കഴിഞ്ഞ ദിവസം പുലി മതിൽ ചാടി പോകുന്നതായി കണ്ടതായി ഇതര സംസ്ഥാന തൊഴിലാളികൾ അറിയിച്ചു. ഇവർ താമസിക്കുന്ന വീടിന്റെ മതിൽ ചാടി പുലി മറയുന്നതു കണ്ടെന്നാണ് ഇവർ പറയുന്നു. വനംവകപ്പിന്റെ ചാലക്കുടി മൊബൈൽ സ്ക്വാഡിന്റെ പക്കലുള്ള കൂടുകൾ സ്ഥലത്തെത്തിച്ചു സ്ഥാപിക്കാനാണുശ്രമം. കൂടു വയ്ക്കുന്നതിനു ഉദ്യോഗസ്ഥ തലത്തിലുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി അടിയന്തര പ്രധാന്യത്തോടെ കൂടു സ്ഥാപിക്കുമെന്നു റേഞ്ച് ഓഫിസർ അറിയിച്ചു.
3 ക്യാമറ ട്രാപ്പുകളാണു പ്രദേശത്തു സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം നിരീക്ഷിക്കും. ഇതിനു പുറമേ കാൽപ്പാടു കണ്ടെത്താനുള്ള പഗ്മ ഇംപ്രഷൻ പാഡും സ്ഥാപിക്കും. 24 മണിക്കൂറും ആർആർടി സംഘത്തിന്റെ പട്രോളിങ് നടത്തും.ഡപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ നാട്ടുകാർക്കിടയിൽ ആവശ്യമായ ബോധവൽക്കരണവും നടത്തുമെന്നും ഡിഎഫ്ഒ അറിയിച്ചു. പുലി ഒളിച്ചിരിക്കാൻ സാധ്യതയുള്ള മേഖകളിലെ അടിക്കാട് വെട്ടുന്ന ജോലികൾ പഞ്ചായത്ത് നടത്തും.