ബസിനു വഴിമാറാതെ കാർയാത്ര: ചോദ്യം ചെയ്ത കണ്ടക്ടറെയും ഡ്രൈവറെയും നാലംഗസംഘം മർദിച്ചു

Mail This Article
വാണിയമ്പാറ ∙കെഎസ്ആർടിസി ബസിനു സൈഡ് കൊടുക്കാത്തതു ചോദ്യം ചെയ്ത കണ്ടക്ടറെയും ഡ്രൈവറെയും കാറിൽ യാത്രചെയ്ത നാലംഗസംഘം മർദിച്ചു. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. നാട്ടുകാർ നൽകിയ ഫോൺ സന്ദേശത്തെ തുടർന്ന് ചേലക്കര സ്വദേശികളായ നാലംഗ സംഘത്തെ കൊമ്പഴയിൽ തടഞ്ഞ് പീച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.എറണാകുളത്തു നിന്നു വടക്കഞ്ചേരിയിലേക്കു പോയ കെഎസ്ആർടിസി ബസിനു സൈഡ് കൊടുക്കാതെ പോയ കാറിലെ 4 യാത്രക്കാരാണു കണ്ടക്ടർ കണ്ണമ്പ്ര സ്വദേശി ശിവദാസൻ, ഡ്രൈവർ കിഴക്കഞ്ചേരി സ്വദേശി സി.കെ.വിനോദ് എന്നിവരെ മർദിച്ചത്. ഇവരെ പട്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിപ്പാത നിർമാണം നടക്കുന്നതിനാൽ ഗതാഗതം തിരിച്ചുവിടുന്ന വാണിയമ്പാറ ചെക് പോസ്റ്റ് പരിസരത്തു കാറിലെ യാത്രക്കാർ ഇരുവരെയും ആക്രമിക്കുകയായിരുന്നു.ഈ സമയം 8 യാത്രക്കാർ ബസിലുണ്ടായിരുന്നു. ആക്രമണത്തിനു ശേഷം കാറിൽ കടന്നുകളയാൻ ശ്രമിച്ചെങ്കിലും വാഹനം റോഡിൽ കുടുങ്ങി. ഇതോടെ ഇവർ വാഹനത്തിൽ നിന്നും ഇറങ്ങിയോടി.നാട്ടുകാർ നൽകി സന്ദേശത്തെ തുടർന്ന് കൊമ്പഴയിൽ തടഞ്ഞ് പീച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.