'വയനാട്ടിലാകെ ഇനിയൊന്നും പഴയ പോലെയാകില്ല'; പുതുജീവിതത്തിലേക്ക് മെല്ലെ മെല്ലെ

Mail This Article
കൽപറ്റ∙ ഉരുൾദുരന്തം തകർത്തുകളഞ്ഞ മുണ്ടക്കൈയിലും ചൂരൽമലയിലും മാത്രമല്ല, വയനാട്ടിലാകെ ഇനിയൊന്നും പഴയ പോലെയാകില്ല. 2024 ജൂലൈയിലെ ആ ദുരന്തരാത്രി വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായക ദിനങ്ങളിലൊന്നായിത്തീർന്നിരിക്കുന്നു. ജൂലൈ 30 ഉരുൾപൊട്ടലിനു ശേഷമുള്ള വയനാടിനുണ്ടാവുക നമ്മളിതുവരെ കാണാത്ത മറ്റൊരു മുഖമായിരിക്കും. ഭാവിയെക്കുറിച്ചുള്ളതു ശുഭപ്രതീക്ഷകൾ മാത്രമാവില്ലെന്നുറപ്പ്. ഉരുൾദുരന്തം നാടിന്റെ എല്ലാ മേഖലകൾക്കുമേൽപിച്ച കനത്ത ആഘാതത്തെ കൃത്യമായി തിരിച്ചറിഞ്ഞാൽ മാത്രമേ അതേൽപിച്ചുപോയ കെടുതികൾക്കു ശാശ്വതമായ പരിഹാരം കാണാനാകൂ.
തിരിച്ചുപിടിക്കാം, നാടൊന്നിക്കാം
ജില്ലയുടെ സാമ്പത്തിക–സാമൂഹികാവസ്ഥയെയാകെ അത്രത്തോളം ഉലച്ചുകൊണ്ടാണു പുന്നപ്പുഴയിലൂടെ ഉരുൾജലം ഒഴുകിപ്പോയത്. ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിനു കൽപറ്റയിൽ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. ഉരുൾദുരന്തത്തെ അതിജീവിച്ചെത്തിയവർ ഇനി മറ്റൊരു ഭൂമികയിൽ പുതുജീവനം തേടും. സംസ്ഥാനം കണ്ട ഏറ്റവും വലിയ പുനരധിവാസ പദ്ധതി നടത്തിപ്പിലെ നിർണായക ചുവടുവയ്പാണ് ടൗൺഷിപ് തറക്കല്ലിടൽ. ദീർഘകാലാടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ പുനരധിവാസമെന്നതു ദുരന്തബാധിതർക്കു ഭവനമൊരുക്കുന്നതിൽ മാത്രമൊതുങ്ങിപ്പോകരുത്.
വേണം, സമഗ്ര പദ്ധതി
വന്യജീവി ശല്യം, കാർഷികമേഖലയുടെ തകർച്ച, ഗതാഗത–ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, ടൂറിസം രംഗത്തെ മുരടിപ്പ് തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾക്കു മുകളിലാണ് ഉരുൾപൊട്ടൽ ദുരന്തമുണ്ടാക്കിയ സാാമ്പത്തിക–സാമൂഹികാഘാതം വയനാടിനെ ചൂഴ്ന്നുനിൽക്കുന്നത്. ചെറിയൊരു ഭൂപ്രദേശത്ത് ഇത്രയും ഭീകരമായൊരു പ്രകൃതിദുരന്തം കേരളത്തിലാദ്യമായിരിക്കും. 298 പേർ മരിച്ചുവെന്നാണ് സർക്കാർ കണക്ക്.
ദുരന്തമുഖത്തുനിന്നു പൂർണമായും കരകയറാൻ സാമൂഹിക–അടിസ്ഥാന സൗകര്യവികസന–ഉൽപാദന മേഖലകളിൽ സമൂല അഴിച്ചുപണി ആവശ്യമാണെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്(പിഡിഎൻഎ) റിപ്പോർട്ടിൽ പറയുന്നു. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലായി 86,000 ചതുരശ്രമീറ്റർ സ്ഥലത്താണ് ഉരുൾപൊട്ടൽ നാശം വിതച്ചത്. ഭവന പുനരുദ്ധാരണം, വിദ്യാഭ്യാസം, ആരോഗ്യം, പൊതു കെട്ടിടങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, മാനസികാരോഗ്യ പരിരക്ഷ തുടങ്ങിയവയിൽ പ്രത്യേക ശ്രദ്ധയൂന്നേണ്ടതുണ്ട്.
ചേർത്തുപിടിക്കൽ പ്രധാനം
ദുരന്തബാധിത പ്രദേശത്തെ പുനരുദ്ധാരണത്തിനും പുനർനിർമാണത്തിനും 2219 കോടി രൂപ ആവശ്യമുണ്ടെന്നാണു പിഡിഎൻഎ റിപ്പോർട്ടിലെ കണ്ടെത്തൽ. ദുരന്തബാധിതരെയെല്ലാം തന്നെ ജന്മനാട്ടിൽനിന്നു പറിച്ചുനടേണ്ടിവരുന്നുവെന്നതാണ് ദുരന്തമുണ്ടാക്കിയ സാമൂഹികപ്രത്യാഘാതങ്ങളിൽ ഏറ്റവും പ്രധാനം. പല കുടുംബങ്ങളും ചിതറിത്തെറിച്ചു. ഇതു സാമൂഹികവും സാംസ്കാരികവുമായ പല ഇടർച്ചകൾക്കും കാരണമാകുമെന്ന് എഴുത്തുകാരൻ ഒ.കെ. ജോണി പറയുന്നു. വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മാനസികാഘാതത്തിലൂടെയാണു ദുരന്തബാധിതരെല്ലാം കടന്നുപോകുന്നത്.
പലർക്കും ആകാംക്ഷ, ഡിപ്രഷൻ, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും നഷ്ടമായതോടെ സാമൂഹിക പിന്തുണ ഇല്ലാതായവരുമുണ്ട്. നല്ല നിലയിൽ ജീവിച്ചിരുന്ന പല കുടുംബങ്ങളും ഇന്ന് പലരുടെയും സഹായത്തിനു കൈനീട്ടേണ്ടി വരുന്ന അവസ്ഥയിലാണ്. ഉപജീവനമാർഗം നഷ്ടമായവർ ഏറെയാണ്. 310 ഹെക്ടറിലെ കൃഷി നശിച്ചു. മുണ്ടക്കൈയിലും ചൂരൽമലയിലുമായി 87 കടകൾ ഇല്ലാതായി. ടൂറിസം സംരംഭകർ കടക്കെണിയിലായി.