ADVERTISEMENT

2012ലെ വേനലവധിക്കാലം. ആദ്യവർഷ കോളജ് പഠനം പൂർത്തിയാക്കി ജസ്സി ചിന്നും സുഹൃത്തുക്കളും അവധിക്കാലം ആഘോഷിക്കുകയാണ്. സ്റ്റേറ്റൻ ഐലൻഡിൽ നിന്നു ന്യൂയോർക്ക് സിറ്റിയിലേക്ക് ഒരു സംഘം യാത്രക്കാരോടൊപ്പം ബോട്ട് സവാരി. തമാശകൾ പറഞ്ഞുള്ള യാത്രയുടെ അന്തരീക്ഷത്തിനു മാറ്റം വന്നതു പെട്ടെന്നാണ്. ജസ്സി ചിന്നും സഹയാത്രികനും നിസ്സാരമായ ഒരു കാര്യത്തെച്ചൊല്ലി വാക്കു തർക്കത്തിലായി. തമാശയിൽ തുടങ്ങിയ തർക്കത്തിന്റെ സ്വഭാവം മാറി. എതിരാളി തോക്കെടുത്തു ജസ്സിക്കു നേരെ നിറയൊഴിച്ചു.  

വെടിയേറ്റു വീണ ജസ്സി ചിന്നിനെ  ഉടൻ ആശുപത്രിയിലെത്തിച്ചു. സ്പൈനൽ കോഡിനായിരുന്നു പരുക്ക്. ഡോക്ടർമാർ പരമാവധി ശ്രമിച്ചു. പക്ഷേ, പരുക്കു ഗുരുതരമായിരുന്നു. അരയ്ക്കു താഴെ തളർന്നു. യന്ത്രങ്ങളുടെ സഹായത്തോടെയാണു ഭക്ഷണം പോലും കഴിക്കുന്നത്. ദിവസങ്ങൾ കഴിയുന്തോറും ശരീരഭാരം കുറഞ്ഞു തുടങ്ങി. 180 പൗണ്ട് ഭാരം 100 പൗണ്ടായി കുറഞ്ഞു. ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു. വീട്ടിലേക്കു മടങ്ങും മുൻപു ഡോക്ടർ പറഞ്ഞത് ഇനിയൊരിക്കലും കാര്യങ്ങൾ പഴയതു പോലെയാകില്ലെന്നാണ്. 

വിവരം അറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ജസ്സിക്കു വന്ന ദുരന്തമോർത്തു സങ്കടപ്പെട്ടു. 18 വയസ്സാണന്നു ജസ്സിക്ക്. മാസങ്ങളോളം വീടിനുള്ളിൽ, ആരോടും അധികം സംസാരിക്കാതെ ഒരു വിഷാദ രോഗിയെപ്പോലെ ജസ്സി കഴിഞ്ഞു. 

തനിക്കുണ്ടായ ദുരന്തത്തെ അംഗീകരിക്കാൻ ആ ചെറുപ്പക്കാരനു സാധിച്ചില്ല. ആദ്യ നാളുകളിൽ വീൽചെയറിൽ ഇരിക്കാൻ പോലും ജസ്സി തയാറായില്ല. പതുക്കെ യാഥാർഥ്യം അംഗീകരിച്ചു തുടങ്ങി. വീൽചെയറിൽ പിച്ചവച്ചു തുടങ്ങിയതോടെ  വലിയ മാറ്റം വന്നു. വീൽ ചെയറിലെ ജീവിതം ആദ്യം വല്ലാത്ത വാശിക്കാരനാക്കി. ആക്രമണത്തിനു മുൻപും പിൻപും എന്ന രീതിയിൽ ജസ്സിയുടെ ജീവിത കഥ കാലം മാറ്റിയെഴുതി. പാതിവഴി നിർത്തിയ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു. പിന്നിടു ജസ്സി ചിൻ എന്ന മനുഷ്യന്റെ പു‌തിയ മുഖമാണു ലോകം കണ്ടത്. വീൽചെയറിൽ തളയ്ക്കപ്പെട്ടവനെന്ന ചിന്ത  ആദ്യം ഉപേക്ഷിച്ചു. എന്നെന്നേക്കുമായി വീൽചെയറിൽ തളച്ചിട്ട വിധിയോടും സഹതപിക്കുന്ന ചുറ്റുപാടുകളോടും  ജസ്സിക്കു പകരം വീട്ടണമായിരുന്നു. 

കഴിയില്ല, കഴിയില്ല എന്നു ചുറ്റുപാടുകൾ പറഞ്ഞപ്പോൾ കഴിയും കഴിയും എന്നുമാത്രം അദ്ദേഹം പറഞ്ഞു. മനസ്സിൽ നിന്ന് അസാധ്യം എന്ന വാക്കുതന്നെ വെട്ടിമാറ്റി. തിരിച്ചു വരവിന്റെ ലോകത്തിൽ അദ്ദേഹത്തെ കുടുംബവും സുഹ‌ൃത്തുക്കളും അകമഴിഞ്ഞു സഹായിച്ചു. കാലുകൾ നൽകിയിരുന്നതിന്റെ ഇരട്ടി ആത്മവിശ്വാസമാണു വീൽചെയർ തനിക്കു നൽകിയതെന്നു പിൽക്കാലത്ത് അദ്ദേഹം പറഞ്ഞു. 

ബാസ്‌കറ്റ്‌ബോൾ കളിയോടു വല്ലാത്ത ഇഷ്ടമായിരുന്നു ജസ്സിക്ക്.  ആ കളിക്കളത്തിലേക്കാണ് ആദ്യം എത്തിയത്. ഇന്ന് അദ്ദേഹമതു വീൽ ചെയറിൽ ഇരുന്നു കളിക്കുന്നു. പാർട്ടികളിലും ക്ലബ്ബുകളിലും മുൻപത്തേതിനേക്കാൾ സജീവമായി. മനസ്സു ശക്തിപ്പെട്ടതോടെ  ചുറ്റുപാടുകളും ശക്തിപ്പെട്ടു. മികച്ചൊരു മോട്ടിവേഷൻ സ്പീക്കറാണു ജസ്സി ചിൻ. ഹൈസ്കൂൾ കൗൺസിലറായി ജോലി ചെയ്യുന്ന ഇദ്ദേഹം വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചു യുവാക്കൾക്കായി പ്രചോദനാത്മകമായ ക്ലാസ്സുകൾ നയിക്കുന്നു. സ്റ്റേജ് കോമഡി, മോഡലിങ് തുടങ്ങിയ മേഖലയിലും  സാന്നിധ്യം ഉറപ്പിച്ചു . കൂടുതൽ അത്മവിശ്വാസമ‌ുള്ള ഒരു പുതിയ ജസ്സി ചിന്നിന് അന്നത്തെ അപകടം ജന്മം നൽകിയെന്നാണു തന്റെ ജീവിതത്തെക്കുറിച്ചു ചോദിക്കുന്നവരോടുള്ള മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com