‘ഡെയർ ടു ഡ്രീം’ മത്സരത്തിൽ ഒന്നാം സമ്മാനം; വിജയകഥ പങ്കുവച്ച് ‘തംബുര’യുടെ ശിൽപി
Mail This Article
എതിരാളിയുടെ രഹസ്യങ്ങൾ ചോർത്തിയാൽ യുദ്ധം പാതി ജയിച്ചെന്നാണു പറയുക. അപ്പോൾ അവരുടെ സന്ദേശങ്ങൾ അതേപടി തന്നെ ചോർത്തിയാലോ ? അതാണ് ‘തംബുര’ (ടെറസ്ട്രിയൽ ഹൈ ഓൾട്ടിറ്റ്യൂഡ് മൾട്ടിബാൻഡ് യൂട്ടിലിറ്റി റേഡിയോ അനലൈസർ) എന്ന ചെറു ഉപകരണത്തിന്റെ പണി. യുദ്ധമുന്നണിയിൽ സൈന്യത്തിനു മുതൽക്കൂട്ടാകുന്ന ഈ ഉപകരണത്തിനു പിന്നിലൊരു മലയാളിയാണ്, കൊല്ലം എഴുകോൺ സൂര്യോദയത്തിൽ സൂര്യസാരഥി (23). നൂതന ആശയങ്ങൾക്കായി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിൽ ഇത്തവണ വ്യക്തിഗത വിഭാഗത്തിലെ ഒന്നാം സ്ഥാനമാണ് (5 ലക്ഷം) ‘തംബുര’യിലൂടെ സൂര്യസാരഥി സ്വന്തമാക്കിയത്. മുൻവർഷം ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. എംവിയുഎസ് (മെസേജിങ് ആൻഡ് വോയ്സ് ഫോർ അണ്ടർവാട്ടർ സിസ്റ്റംസ്) സാങ്കേതികവിദ്യ വികസിപ്പിച്ചതിനായിരുന്നു അന്ന് അംഗീകാരം. കടലിനടിയിലെ ശബ്ദസന്ദേശ കൈമാറ്റത്തിന്റെ വ്യക്തത ചോരാതെ കാക്കുന്ന കണ്ടുപിടിത്തം.
എന്താണ് തംബുര
തംബുര അടിസ്ഥാനപരമായി ഒരു റേഡിയോ റിസീവറാണ്. കാഴ്ചയിൽ മൊബൈൽ ഫോണിന്റെ ബ്ലൂടൂത്ത് നെക്ക്ബാൻഡ് പോലെ. കഴുത്തിൽ ധരിക്കുകയോ പോക്കറ്റിൽ സൂക്ഷിക്കുകയോ ചെയ്യാം. റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലകളിൽനിന്നുള്ള സന്ദേശം ചോർത്തുക മാത്രമല്ല, ഡീകോഡ് ചെയ്ത് ശബ്ദസന്ദേശമായി കേൾപ്പിക്കുകയും ചെയ്യും. സാധാരണ എഫ്എം റേഡിയോ 90 - 108 മെഗാ ഹെർട്സ് ആവൃത്തിയുള്ള തരംഗ ങ്ങളെയാണ് ട്യൂൺ ചെയ്യുന്നതെങ്കിൽ 0.5 – 25,000 മെഗാ ഹെർട്സ് ആവൃത്തിയുള്ള തരംഗങ്ങളെയെല്ലാം തംബുര ഡീകോഡ് ചെയ്യും. സഹോദരൻ ഡോ. സൂര്യതംബുരുവിന്റെ പേരാണ് ‘തംബുര’ എന്ന പേരിനു പ്രചോദനം. ബിസിനസുകാരനായ സി.ബാലാർക്കന്റെയും എഴുകോൺ ഇഎസ്ഐ ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സി.ഷീജാമണിയുടെയും മകനാണ് സൂര്യസാരഥി.
കണ്ടുപിടിത്തങ്ങൾ വേറെയും
കോഴിക്കോട് എൻഐടിയിൽനിന്ന് എൻജിനീയറിങ് ഫിസിക്സിൽ ബിരുദം നേടിയ സൂര്യസാരഥി മറ്റ് ഒട്ടേറെ നൂതന കണ്ടുപിടിത്തങ്ങളുടെകൂടി പണിപ്പുരയിലാണ്. ഫോൺ കോളിലൂടെ ഇന്റർനെറ്റ് ഷെയർ ചെയ്യാൻ കഴിയുന്ന ‘കോൾപാക്ക്’, 7000 കി.മീ. വരെ പരിധിയുള്ള ചെലവു കുറഞ്ഞ ഹാം റേഡിയോ, ഇന്റർനെറ്റ് സഹായമില്ലാതെ സാറ്റലൈറ്റ് സിഗ്നലുകൾ നേരിട്ട് സ്വീകരിക്കുന്ന ‘സാറ്റ് എസ്ഡിആർ’ റിസീവർ, ലേസർ രശ്മികളെ ആവശ്യാനുസരണം നിയന്ത്രിക്കാവുന്ന ഒപ്റ്റിക്കൽ ലേസർ ചോപ്പർ തുടങ്ങി കണ്ടുപിടിത്തങ്ങൾ നീളുന്നു. ലേസർ ചോപ്പറിനു പേറ്റന്റും ലഭിച്ചിട്ടുണ്ട്.