ഒരു വർഷ ബിഎഡ് പ്രോഗ്രാം വീണ്ടും ; പാഠ്യപദ്ധതി ക്രമീകരിക്കാൻ എട്ടംഗ സമിതി

Mail This Article
ന്യൂഡൽഹി ∙ ഒരു വർഷ ബിഎഡ് പ്രോഗ്രാം മടങ്ങിവരുന്നു.
4 വർഷ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുന്നവർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിടുന്ന കോഴ്സിന്റെ പാഠ്യപദ്ധതി ക്രമീകരിക്കാൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എജ്യുക്കേഷൻ (എൻസിടിഇ) എട്ടംഗ സമിതിക്കു രൂപം നൽകി. ഏതാനും ദിവസം മുൻപു നടന്ന എൻസിടിഇ ഗവേണിങ് കൗൺസിൽ യോഗത്തിൽ ഇതുൾപ്പെടെ ചർച്ച ചെയ്തിരുന്നു.
ഒരു വർഷ ബിഎഡ് 2014ൽ അവസാനിപ്പിച്ചിരുന്നു. രാജ്യത്തെ അധ്യാപക പരിശീലനത്തിലെ നിലവാരക്കുറവ് വ്യക്തമാക്കി ജസ്റ്റിസ് ജെ.എസ്.വർമ, പ്രഫ. പൂനം ബത്ര എന്നിവരുടെ 2 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. നിലവിൽ ബിഎഡ് 2 വർഷമാണ്. പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചു ബിരുദ പഠനം ഉൾപ്പെടെയുള്ളവ മാറിയ പശ്ചാത്തലത്തിലാണു വീണ്ടും ഒരു വർഷ ബിഎഡ് ആരംഭിക്കുന്നത്. പുതിയ 4 വർഷ ബിരുദവും 2 വർഷത്തെ പിജിയും പൂർത്തിയാക്കുന്നർക്ക് ഒരു വർഷ ബിഎഡിനു ചേരാവുന്ന തരത്തിലാകും ഘടന തയാറാക്കുക. 3 വർഷ ബിരുദക്കാർക്കു നിലവിലുള്ള രീതിയിൽ 2 വർഷത്തെ ബിഎഡ് തുടരും.