ഹാർവഡ് സര്‍വകലാശാലയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇന്ത്യയുടെ ശബ്മാകാന് നിത അംബാനി

Mail This Article
ഇന്ത്യന്‍ ബിസിനസ്സിനെയും സംസ്‌കാരത്തെയും നയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഹാർവഡ് സര്‍വകലാശാല നടത്തുന്ന വാര്‍ഷിക ഇന്ത്യ സമ്മേളനത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധനും ഹാർവഡ് ബിസിനസ്സ് സ്‌കൂള്‍ മുന്‍ ഡീനുമായ നിതിന്‍ നൊഹാരിയയുമൊത്തുള്ള ഫയര്‍ സൈഡ് ചാറ്റിലും പങ്കെടുക്കുന്ന നിത അംബാനി ഇന്ത്യന്‍ കലകളെയും സംസ്‌കാരത്തെ കുറിച്ചും, അവ എങ്ങനെയാണ് ഇന്ത്യയെ ആധുനിക ലോകത്തില്‍ ശക്തമായി പ്രതിഷ്ഠിക്കുന്നതെന്നും സംസാരിക്കും. ഫെബ്രുവരി 15, 16 തീയതികളില്‍ ഹാർവഡ് സര്‍വകലാശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
‘ഇന്ത്യയില്‍ നിന്ന് ലോകത്തിലേക്ക്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ആഗോള തലത്തില്‍ മുഖ്യമായ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തമായ രാജ്യമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ആഘോഷിക്കുന്ന ഈ സമ്മേളനം ഇന്ത്യയുടെ നൂതനമായ കണ്ടുപിടുത്തങ്ങളും ആശയങ്ങളും ശബ്ദവും ലോകത്തിന്റെ സമാധനത്തിനും ക്ഷേമത്തിനും എങ്ങനെയാണ് വഴിതെളിക്കുന്നതെന്ന് സൂക്ഷ്മനിരീക്ഷണം നടത്തുന്നു. ഇതിലേക്ക് മുഖ്യസംഭാവന നല്‍കുന്നതാണ് നിത അംബാനിയുടെ സംവാദം.
ഇന്ത്യയിലെ ഏറ്റവും സ്വാധീനശക്തയുള്ള ശബ്ദങ്ങളിലൊന്നായി ഇതിനകം മാറിക്കഴിഞ്ഞ നിത അംബാനി കല, സംസ്‌കാരം, കായികം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇന്ത്യയുടെ മികവ് ലോകവേദികളില്‍ അവതരിപ്പിച്ച് രാജ്യത്തിന്റെ സോഫ്ട് പവറിന്റെ ദൃഷ്ടാന്തമായി മാറിയിട്ടുണ്ട്. നമ്മുടെ നാട് കൈവരിച്ച ആധുനികതയും വളര്‍ച്ചയും കൊണ്ട് മാത്രമല്ല ഇന്ത്യയ്ക്ക് ഇന്നത്തെ ലോകത്തില്‍ പ്രസക്തിയേറുന്നത്. വസുധൈവ കുടുംബകം (ലോകം ഒരു വലിയ കുടുംബം) എന്ന വലിയ സന്ദേശം മുറുകെ പിടിച്ച് ആഴത്തിലുള്ള മൂല്യങ്ങളിലും പാരമ്പര്യത്തിലും അടിയുറച്ച് നിന്നു കൂടിയാണ് രാജ്യം മുന്നേറുന്നത്. ഈ മാറുന്ന ഇന്ത്യയുടെ ആത്മവിശ്വാസമുള്ള മുഖമാണ് നിത അംബാനി ഹാര്‍വാഡില്‍ അവതരിപ്പിക്കുന്നത്.
സാങ്കേതിക വിദ്യ, കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക വളര്‍ച്ച, നയതന്ത്രം, സാംസ്‌കാരിക വിനിമയം എന്നിങ്ങനെ ലോകത്തെ സ്വാധീനിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളിലെ ഇന്ത്യയുടെ വേറിട്ട കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനായി ദീര്‍ഘദര്‍ശികളായ നിരവധി നേതാക്കന്മാരെയാണ് ഹാർവഡിലെ ഇന്ത്യ സമ്മേളനം അണിനിരത്തുന്നത്. ഈ സംവാദങ്ങളിലൂടെ അതിര്‍ത്തികള്‍ക്കപ്പുറം പ്രതിധ്വനിക്കുന്ന ഇന്ത്യന്‍ പ്രയാണത്തിലെ തനത് പാഠങ്ങളും ഉള്‍ക്കാഴ്ചകളും സമ്മേളനം ഉയര്‍ത്തിക്കാട്ടും.
ഇന്ത്യന്‍ ബിസിനസ്സിനെയും നയങ്ങളെയും സംസ്‌കാരത്തെയും കുറിച്ചുള്ള ഈ ആഗോള വാര്‍ഷിക സമ്മേളനം ഇന്ത്യന്‍ വൈവിധ്യത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള വിദ്യാര്‍ഥി കേന്ദ്രീകൃതമായ പ്ലാറ്റ്‌ഫോമാണ്. ഒരു ആഗോള ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സമ്മേളനം ഊന്നല്‍ നല്‍കുന്നു. 22 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഈ സമ്മേളനത്തിലൂടെ ബിസിനസ്, ഇക്കണോമിക്‌സ്, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഒരു കുടക്കീഴില്‍ ഒരുമിച്ച് കൊണ്ട് വരാന്‍ ഹാർവഡിലെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്.