12 പാസായവർക്ക് 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ്; കേരളത്തിൽ മൂന്നിടങ്ങളിൽ ‘ജിപ്മാറ്റ്’ എഴുതാം

Mail This Article
സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്‌മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ജമ്മു, ബുദ്ധഗയ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് 12 ജയിച്ചവർക്ക് 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠനത്തിന് അവസരമൊരുക്കുന്നു. 2025-30 പ്രവേശനത്തിനുള്ള ‘ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ്’ (JIPMAT– 2025), നാഷനൽ ടെസ്റ്റിങ് ഏജൻസി ഏപ്രിൽ 26ന് ഉച്ചതിരിഞ്ഞ് 3 മുതൽ 5.30 വരെ നടത്തും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഈ ടെസ്റ്റിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ, ദുബായ് ഉൾപ്പെടെ 77 കേന്ദ്രങ്ങളുണ്ട്. മുൻഗണനാക്രമത്തിൽ 4 കേന്ദ്രങ്ങൾ അപേക്ഷയിൽ കാണിക്കണം. https://exams.nta.ac.in/JIPMAT.
2 സ്ഥാപനങ്ങളിലേക്കും പൊതുവായ ഓൺലൈൻ അപേക്ഷ മാർച്ച് 10 രാത്രി 11.50 വരെ സ്വീകരിക്കും. അപേക്ഷാഫീ 2000 രൂപ ഓൺലൈനായി മാർച്ച് 11 രാത്രി 11.50 വരെ അടയ്ക്കാം. പട്ടിക, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക, ട്രാൻസ്ജെൻഡർ വിഭാഗക്കാർ 1000 രൂപ. വിദേശത്ത് പരീക്ഷയെഴുതാൻ 10,000 രൂപ. ജിഎസ്ടിയും ബാങ്ക് ചാർജും പുറമേ. സമർപ്പിച്ച അപേക്ഷ ആവശ്യമെങ്കിൽ 13 മുതൽ 15 വരെ തിരുത്താം.
ഒരപേക്ഷയേ സമർപ്പിക്കാവൂ. അപേക്ഷാരീതിയും പൂരിപ്പിച്ച അപേക്ഷാഫോമിന്റെ മാതൃകയും സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ഒരു രേഖയും തപാൽവഴിയും മറ്റും അയയ്ക്കേണ്ട.
150 മിനിറ്റ് ടെസ്റ്റിൽ 4 മാർക്കു വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റിന് ഒരു മാർക്കു കുറയ്ക്കും.
2023, 24, 25 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് പ്രവേശനം. 2021 നു മുൻപ് 10 ജയിച്ചവർ അപേക്ഷിക്കേണ്ട. 2021 മാർച്ച് 4നു മുൻപ് ഒസിഐ / പിഐഒ റജിസ്ട്രേഷൻ നടത്തിയവർക്കും ജനറൽ വിഭാഗക്കാരായി അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്കുള്ള വിശേഷസൗകര്യങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ബുള്ളറ്റിനിലുണ്ട്. ജമ്മു, ബുദ്ധഗയ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സൈറ്റുകൾ നോക്കി, ഫീസ് നിരക്കുകളുൾപ്പെടെ വിശേഷനിബന്ധനകൾ മനസ്സിലാക്കണം. ക്യാംപസിൽ താമസിക്കാം. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. ജിപ്മാറ്റ് സംശയപരിഹാരത്തിനു ഫോൺ: 011-40759000, jipmat@nta.ac.in.