ജാതിവിവേചനവും ആത്മഹത്യയും ഇല്ലാതാക്കാനുള്ള കരട് മാർഗരേഖയുമായി യുജിസി; 28 വരെ നിർദേശങ്ങൾ അറിയിക്കാം

Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ സർവകലാശാലകളിലും കോളജുകളിലും തുല്യാവസര കേന്ദ്രം ആരംഭിച്ച് ഹെൽപ്‌ലൈൻ സംവിധാനം ഒരുക്കണമെന്ന് യുജിസിയുടെ കരട് മാർഗരേഖ നിർദേശിക്കുന്നു. പിന്നാക്കക്കാർക്കായുള്ള നയങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കണമെന്നും അക്കാദമിക, സാമ്പത്തിക, സാമൂഹിക വിഷയങ്ങളിലുൾപ്പെടെ വിദ്യാർഥികൾക്കു കൗൺസലിങ് ലഭ്യമാക്കണമെന്നും നിർദേശങ്ങളിലുണ്ട്.
ക്യാംപസുകളിൽ ജാതിവിവേചനവും ആത്മഹത്യയും ഇല്ലാതാക്കാനുള്ള മാർഗരേഖ യുജിസി 6 ആഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് ജനുവരി 3ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജീവനൊടുക്കിയ ദലിത് വിദ്യാർഥി രോഹിത് വേമുലയുടെ അമ്മ രാധികയുടെ ഹർജിയിലായിരുന്നു ഇടപെടൽ. ജില്ലാ ഭരണകൂടം, പൊലീസ്, മാധ്യമപ്രവർത്തകർ തുടങ്ങിയവരുമായി സഹകരിച്ചാകണം ഈ കേന്ദ്രത്തിന്റെ പ്രവർത്തനമെന്നു കരടിലുണ്ട്. സ്ഥാപന മേധാവിയാകും ചെയർപഴ്സൻ; 4 മുതിർന്ന അധ്യാപകർ അംഗങ്ങളും. 2 വിദ്യാർഥികളെയും പൊതുസമൂഹത്തിൽനിന്നുള്ള 2 പേരെയും പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തണം. പട്ടികവിഭാഗത്തിൽനിന്നുള്ള ഒരാളെങ്കിലും സമിതിയിലുണ്ടാകണം. ഒരു പ്രതിനിധി വനിതയുമാകണം. കരട് മാർഗരേഖയിൽ ഈ മാസം 28 വരെ നിർദേശങ്ങൾ അറിയിക്കാം. അതിനുശേഷം അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കും.
ഇക്വിറ്റി സ്ക്വാഡ് വരുന്നു
സ്ഥാപനത്തിൽ എല്ലാവർക്കും തുല്യത ലഭിക്കുന്നെന്നും വേർതിരിവുകൾ ഇല്ലെന്നും ഉറപ്പാക്കാൻ ഇക്വിറ്റി സ്ക്വാഡ് രൂപീകരിക്കണമെന്നു നിർദേശത്തിലുണ്ട്. ഓരോ വകുപ്പിലും ഒരാളെ ഇക്വിറ്റി അംബാസഡറായി നിയോഗിക്കണം. പരാതി നൽകാനുള്ള ഹെൽപ്‌ലൈൻ ദിവസം മുഴുവൻ പ്രവർത്തിക്കണം.
വിദ്യാർഥികളുടെ അഡ്മിഷൻ സമയത്ത് തുല്യത ഉറപ്പാക്കുമെന്നുള്ള സത്യവാങ്മൂലം വാങ്ങണം. ഹോസ്റ്റൽ വാർഡൻമാർ, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ, പൊലീസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ബോധവൽക്കരണം നടത്തണമെന്നും നിർദേശമുണ്ട്.