സിയുഇടി – യുജി പരീക്ഷ: ഹൈബ്രിഡ് മോഡിനു വിട; അറിയണം ഈ 8 പ്രധാന മാറ്റങ്ങൾ

Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ 46 കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള സിയുഇടി–യുജി പരീക്ഷ മേയ് 8 മുതൽ ജൂൺ 1 വരെ നടക്കും. പരീക്ഷയ്ക്ക് ഈ മാസം 22 വരെ റജിസ്റ്റർ ചെയ്യാം. 24 മുതൽ 26 വരെ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. ജനറൽ വിഭാഗത്തിൽ മൂന്നു വിഷയം വരെ 1000 രൂപയാണു ഫീസ്. അതിനു ശേഷമുള്ള ഓരോ വിഷയത്തിലും അധികമായി 400 രൂപ നൽകണം. ഒബിസി വിഭാഗത്തിന് 900 രൂപയാണ് ആദ്യ മൂന്നു വിഷയങ്ങൾക്കു ഫീസ്. അധികമുള്ളതിന് 375 രൂപ വീതവും. പട്ടികജാതി, വർഗ, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ഇത് യഥാക്രമം 800, 350 രൂപ വീതമാണ്. രാജ്യത്തിനു പുറത്തുള്ള കേന്ദ്രങ്ങളിൽ റജിസ്റ്റർ ചെയ്യുന്നവർക്കു 4500, 1800 രൂപ വീതമാണു ഫീസ്.
ഇക്കുറി പരീക്ഷ പൂർണമായും കംപ്യൂട്ടർ രീതിയിൽ തന്നെയാകും നടത്തുക. കഴിഞ്ഞ വർഷം ഓൺലൈനും ഓഫ്‌ലൈനും ചേർന്ന ഹൈബ്രിഡ് മോഡിലായിരുന്നു പരീക്ഷ. മറ്റു പ്രധാന മാറ്റങ്ങൾ ഇവയാണ്.
∙ ആകെ വിഷയങ്ങൾ 37 ആയി കുറഞ്ഞു. ഇതിൽ 13 ഭാഷാ വിഷയങ്ങളും 23 ഡൊമെയ്ൻ വിഷയങ്ങളും ഒരു ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം ഇതു 61 ആയിരുന്നു.
∙ ആകെ തിരഞ്ഞെടുക്കാവുന്ന വിഷയങ്ങൾ പരമാവധി അഞ്ചായി കുറച്ചു. കഴിഞ്ഞ വർഷം വരെ ഇത് ആറ് ആയിരുന്നു.
∙ 12–ാം ക്ലാസിൽ ഏതു വിഷയം പഠിച്ചുവെന്ന വ്യത്യാസമില്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ പരീക്ഷയെഴുതി ബിരുദ പ്രവേശനം നേടാം.
∙ പരീക്ഷാസമയം ഏകീകരിച്ചു. എല്ലാ പരീക്ഷയും ഇനി 60 മിനിറ്റ് ദൈർഘ്യം. കഴിഞ്ഞ വർഷം 45 മുതൽ 60 മിനിറ്റ് വരെയായിരുന്നു ദൈർഘ്യം.
∙ എല്ലാ ചോദ്യങ്ങളും നിർബന്ധം. ചോയ്സ് ഇല്ല. കഴിഞ്ഞ വർഷം 50ൽ നാൽപതു ചോദ്യത്തിനോ 60ൽ 50 ചോദ്യത്തിനോ ഉത്തരം നൽകണമെന്നതായിരുന്നു വ്യവസ്ഥ. ഇക്കുറി 60 ചോദ്യത്തിനും ഉത്തരം നൽകണം. ശരിയുത്തരത്തിന് 5 മാർക്ക്. തെറ്റായ ഉത്തരത്തിന് ഒരു മാർക്ക് കുറയും.
∙ കഴിഞ്ഞ വർഷം വരെ ജനറൽ ടെസ്റ്റ് എന്നറിയപ്പെട്ടിരുന്ന പരീക്ഷ ഇനി മുതൽ ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റായി. പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമെറിക്കൽ എബിലിറ്റി, ലോജിക്കൽ അനലിറ്റിക്കൽ റീസണിങ്, അടിസ്ഥാന കണക്ക് ഉൾപ്പെടുന്ന ക്വാണ്ടിറ്റേറ്റീവ് റീസണിങ് എന്നിവയാണ് ഇതിൽ വിഷയമാകുക. 13 ഭാഷകളുടെ പട്ടികയിൽ ഇല്ലാത്ത ഭാഷകൾക്കും ഫാഷൻ സ്റ്റഡീസ്, ടൂറിസം, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ് തുടങ്ങിയ വിഷയങ്ങൾക്കും പ്രവേശനത്തിനു ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റാകും പരിഗണിക്കുക.
കേരളത്തിൽ 17
∙ കേരളത്തിൽ ഇക്കുറി 17 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. പയ്യന്നൂർ അധികമായി ഉൾപ്പെടുത്തി.