ബികോം ഓണേഴ്സിന് കണക്ക് നിർബന്ധമാക്കി ഡൽഹി സർവകലാശാല

Mail This Article
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയിലെ ബികോം (ഓണേഴ്സ്) കോഴ്സ് പ്രവേശനത്തിനു കണക്ക് പഠിക്കണമെന്നതു നിർബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ശുപാർശ സർവകലാശാല അക്കാദമിക് കൗൺസിൽ വൈകാതെ പരിഗണിക്കും. ശുപാർശ നടപ്പാക്കിയാൽ ഒട്ടേറെ വിദ്യാർഥികൾ പ്രതിസന്ധിയിലാകും. നിലവിൽ 12ൽ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചവർക്കും ബികോം (ഓണേഴ്സ്) കോഴ്സിന് അപേക്ഷിക്കാം. കണക്ക് പഠിക്കാത്തവർക്ക് അക്കൗണ്ടൻസി എന്നതായിരുന്നു സ്ഥിതി. കേരളത്തിൽ 12–ാം ക്ലാസിൽ കൊമേഴ്സ് സ്ട്രീം പഠിക്കുന്നവർക്കുൾപ്പെടെ ഇതിന് അപേക്ഷിക്കാൻ സാധിച്ചിരുന്നു. ഈ വർഷത്തെ സിയുഇടി പരീക്ഷയുടെ അപേക്ഷ ക്ഷണിച്ചപ്പോൾ ഭാഷ, കണക്ക് അല്ലെങ്കിൽ അപ്ലൈഡ് കണക്ക്, എന്നിവയ്ക്കൊപ്പം മറ്റു രണ്ടു വിഷയങ്ങളും സിയുഇടിക്ക് എഴുതിയവർക്കാണു ബികോം ഓണേഴ്സിന് അപേക്ഷിക്കാൻ അർഹത. 12–ാം ക്ലാസിൽ എന്തു പഠിച്ചെന്ന വ്യത്യാസമില്ലാതെ സിയുഇടി എഴുതാമെന്നാണു വ്യവസ്ഥയെങ്കിലും കണക്കു പഠിച്ച വിദ്യാർഥികൾക്ക് ഇതു കൂടുതൽ അനുകൂലമായി മാറുമെന്നാണു വിലയിരുത്തൽ. സിയുഇടിക്കൊപ്പം 12–ാം ക്ലാസിലും കണക്ക് പഠിച്ചിരിക്കണം എന്ന മാനദണ്ഡം നിർബന്ധമാക്കുമോ എന്നത് അക്കാദമിക് കൗൺസിലിന്റെ അന്തിമ തീരുമാനത്തിനു ശേഷമേ വ്യക്തമാകൂ.